ലൈവ് ചാറ്റില്‍ പാക് താരം അഹമ്മദ് ഷെഹ്സാദിനെ പൊരിച്ച് കെവിന്‍ പീറ്റേഴ്സണ്‍

By Web TeamFirst Published Mar 31, 2020, 5:23 PM IST
Highlights

ഷെസി, ഞാനൊരു മാധ്യമപ്രവര്‍ത്തകനല്ല, താങ്കളുടെ സുഹൃത്താണ്, അതുകൊണ്ട് മാധ്യമങ്ങളോടോ വാര്‍ത്താ സമ്മേളനത്തിലോ സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുത് എന്നായിരുന്നു.

കറാച്ചി: കളിക്കളങ്ങളെല്ലാം കൊറോണയുടെ പിടിയിലമര്‍ന്നതോടെ താരങ്ങളെല്ലാം വീട്ടിലിരിപ്പാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷിക്കാതെ കിട്ടിയ അവധി വീട്ടുകാരോടൊത്ത് സമയം ചെലവഴിച്ചും സഹതാരങ്ങളെ കളിയാക്കിയുമെല്ലാം ആഘോഷമാക്കുകയാണ് താരങ്ങളെല്ലാം. ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ പാക് താരം അഹമ്മദ് ഷെഹ്സാദിനെ ഇന്റര്‍വ്യൂ ചെയ്തതാണ് ഇതിലെ ഏറ്റവും പുതിയ സംഭവം. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമായിരുന്ന ഷെഹ്സാദിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല.  

ഏഴ് കളികളില്‍ 61 റണ്‍സ് മാത്രമാണ് 28-കാരനായ ഷെഹ്സാദ് നേടിയത്. ഇതിനെക്കുറിച്ചായിരുന്നു പീറ്റേഴ്സണ്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ ഷെഹ്സാദിനോട് ചോദിച്ചത്. നിങ്ങളുടെ ബാറ്റിംഗിനെക്കുറിച്ചാണ് എനിക്ക് ചോദിക്കാനുള്ളത്,എന്തുകൊണ്ടാണ് നിങ്ങള്‍ റണ്‍സടിക്കാത്തത് എന്ന് പീറ്റേഴ്സണ്‍ ചോദിച്ചപ്പോള്‍ ഔപചാരിക അഭിമുഖങ്ങളിലേതുപോലെയായിരുന്നു ഷെഹ്സാദിന്റെ മറുപടി. ഞാനെന്റെ പരമാവധി ശ്രമിച്ചു. ക്രിക്കറ്റ് താരമെന്ന നിലയില്‍ താങ്കള്‍ക്കും അറിയാമല്ലോ, ചിലപ്പോള്‍ നമ്മള്‍ പരമാവധി പരിശ്രമിച്ചാലും റണ്‍സ് കണ്ടെത്താനാവില്ലെന്ന്, അത് ശരിക്കും നിസഹായ അവസ്ഥയാണ്. അപ്പോഴും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുക എന്നത് മാത്രമാണ് വഴി-ഷെഹ്സാദ് പറഞ്ഞു.

KP just ended Ahmed Shehzad 😂😂 pic.twitter.com/YUIxaEsAIn

— Osama. (@ashaqeens)

എന്നാല്‍ ഷെഹ്സാദിന്റെ ഔപചാരിക മറുപടി കേട്ട് പീറ്റേഴ്സണ്‍ പറഞ്ഞത്, ഷെസി, ഞാനൊരു മാധ്യമപ്രവര്‍ത്തകനല്ല, താങ്കളുടെ സുഹൃത്താണ്, അതുകൊണ്ട് മാധ്യമങ്ങളോടോ വാര്‍ത്താ സമ്മേളനത്തിലോ സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുത് എന്നായിരുന്നു. താങ്കളെന്തുകൊണ്ടാണ് റണ്‍സടിക്കാത്തത് എന്നു പറയൂ എന്ന് പീറ്റേഴ്സണ്‍ വീണ്ടും ചോദിച്ചു. ഇതിന്, ഷെഹ്സാദ് നല്‍കി മറുപടി, അപ്പോള്‍ താങ്കള്‍ക്ക് വ്യക്തമായ മറുപടി വേണം അല്ലെ, ഞാന്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. അത് എനിക്ക് ഗുണകരമല്ല.മൂന്നാം നമ്പറില്‍ ഒരു ടൂര്‍ണമെന്റില്‍ മുഴുവന്‍ ഞാന്‍ ബാറ്റ് ചെയ്യുന്നത് ആദ്യമാണ്. എന്നിട്ടും ഞാന്‍ പരാതിയൊന്നും പറഞ്ഞില്ല. ഞാനെന്റെ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു, റണ്‍സ് മാത്രം കണ്ടെത്താനായില്ല എന്നായിരുന്നു.

ഇതുകേട്ട് പീറ്റേഴ്സണ്‍ ഷെഹ്സാദിനെ ശരിക്കും പൊരിച്ചു.അപ്പോള്‍ താങ്കള്‍ക്ക് ഒന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാവില്ല, രണ്ടാം നമ്പറിലും പറ്റില്ല, മൂന്നിലും നാലിലും അഞ്ചിലുമൊന്നും പറ്റില്ല. അപ്പോ താങ്കള്‍ അടുത്ത സീസണില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനായി 13-ാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് നല്ലത്. അത് മൂന്നാമതൊരു ടീമിനായി, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വെള്ളം കൊണ്ടുപോയി കൊടുക്കു എന്നായിരുന്നു പീറ്റേഴ്സന്റെ മറുപടി.

click me!