ഒരു മത്സരം രണ്ട് റെക്കോര്‍ഡ്; ടി20യില്‍ പൊള്ളാര്‍ഡ് ഒരേ പൊളി

By Web TeamFirst Published Mar 5, 2020, 2:40 PM IST
Highlights

പല്ലെക്കല്ലെയില്‍ പൊള്ളാര്‍ഡ് 15 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതമാണ് 34 റണ്‍സെടുത്തത്

പല്ലെക്കല്ലെ: ടി20യില്‍ 10,000 ക്ലബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്. പല്ലെക്കല്ലെയില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടി20യില്‍ 34 റണ്‍സ് നേടിയതോടെയാണ് പൊള്ളാര്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ടി20യില്‍ ക്രിസ് ഗെയ്‌ലാണ് പതിനായിരം റണ്‍സ് തികച്ച ആദ്യ താരം. ഗെയ്‌ലിന് 13,296 റണ്‍സാണുള്ളത്. 

പല്ലെക്കല്ലെയില്‍ പൊള്ളാര്‍ഡ് 15 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതമാണ് 34 റണ്‍സെടുത്തത്. രണ്ടാം സിക്‌സര്‍ ഗാലറിയിലെത്തിച്ച് രാജകീയമായിരുന്നു പൊള്ളാര്‍ഡ് ചരിത്രമെഴുതിയത്. 

ടി20യില്‍ അഞ്ഞൂറാമനായി പൊള്ളാര്‍ഡ്

മത്സരത്തോടെ മറ്റൊരു നേട്ടവും പൊള്ളാര്‍ഡിനെ തേടിയെത്തി. ടി20യില്‍ 500 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി പൊള്ളാര്‍ഡ്. 453 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഡ്വെയിന്‍ ബ്രാവോയും 404 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്രിസ് ഗെയ്‌ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മൂവരും വിന്‍ഡീസ് താരങ്ങളാണ് എന്നതും സവിശേഷതയാണ്. 

ലോകത്തെ ഒട്ടുമിക്ക ടി20 ടൂര്‍ണമെന്‍റുകളിലും കളിച്ചാണ് പൊള്ളാര്‍ഡ് 500 മത്സരവും 10,000 റണ്‍സും പൂര്‍ത്തിയാക്കിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ വിശ്വസ്‌തനായ ഓള്‍റൗണ്ടറാണ് പൊള്ളാര്‍ഡ്. ഇന്ത്യയില്‍ 172ഉം വെസ്റ്റ് ഇന്‍ഡീസില്‍  123ഉം യുഎഇയിലും ബംഗ്ലാദേശിലും 37 വീതവും ഇംഗ്ലണ്ടില്‍ 36ഉം ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും 35 വീതവും ന്യൂസിലന്‍ഡിലും പാകിസ്ഥാനിലും ശ്രീലങ്കയിലും യുഎസ്എയിലുമായി 24 മത്സരങ്ങളും പൊള്ളാര്‍ഡ് കളിച്ചു.  

click me!