
ലണ്ടന്‍: 600 ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്(Kieron Pollard). വെസ്റ്റ് ഇന്‍ഡീസ് ടീമിനായും വിവിധ ഫ്രാഞ്ചൈസി ടീമുകള്‍ക്കായും കളിച്ചാണ് പൊള്ളാര്‍ഡ് ഈ നാഴികക്കല്ല് പിന്നിട്ടത്. ദ് ഹണ്ട്രഡ് ലീഗില്‍(The Hundred) ലണ്ടന്‍ സ്‌പിരിറ്റിനായി(London Spirit) കളിക്കുമ്പോഴായിരുന്നു താരത്തിന്‍റെ അപൂര്‍വ നേട്ടം. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഡ്വെയ്‌ന്‍ ബ്രാവോ(543 മത്സരങ്ങള്‍), പാകിസ്ഥാന്‍റെ ഷൊയൈബ് മാലിക്(472 മത്സരങ്ങള്‍), യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ല്‍(463 മത്സരങ്ങള്‍), ഇംഗ്ലണ്ടിന്‍റെ രവി ബൊപ്പാര(426 മത്സരങ്ങള്‍) എന്നിവരാണ് പൊള്ളാര്‍ഡിന് പിന്നിലുള്ള താരങ്ങള്‍.
2006ല്‍ ടി20 ക്രിക്കറ്റിന്‍റെ തുടക്കകാലം മുതല്‍ കളിക്കുന്ന കീറോണ്‍ പൊള്ളാര്‍ഡ് ലോകത്തെ എല്ലാ പ്രധാനപ്പെട്ട ഫ്രാഞ്ചൈസി ലീഗുകളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിച്ച പൊള്ളാര്‍ഡ് ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സ്, മെല്‍ബണ്‍ റെനെഗേഡ്‌സ് ടീമുകള്‍ക്കായും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്കാ ഗ്ലാഡിയേറ്റേര്‍സിനും ധാക്ക ഡൈനമൈറ്റിനുമായും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്‌സ്, മുല്‍ട്ടാന്‍ സുല്‍ത്താന്‍സ്, പെഷാവര്‍ സാല്‍മി ടീമുകള്‍ക്കായും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിനിഡാഡ് നൈറ്റ് റൈഡേഴ്‌സിനായും കളിച്ചിട്ടുണ്ട്.
ചരിത്രനേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരെ ലണ്ടന്‍ സ്‌പിരിറ്റിന്‍റെ 52 റണ്‍സ് വിജയത്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് നിര്‍ണായകമായി. മത്സരത്തില്‍ 11 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം പൊള്ളാര്‍ഡ് പുറത്താകാതെ 34 റണ്‍സെടുത്തു. 'ഒരു ഫോര്‍മാറ്റില്‍ 600 മത്സരങ്ങള്‍ കളിക്കുക വലിയ നേട്ടമാണ്. ഇത്രയേറെ മത്സരങ്ങളില്‍ ഇറങ്ങാനാകുമെന്ന് കരുതിയിരുന്നതല്ല. കഴിയുന്നത്ര കാലം ക്രിക്കറ്റ് മൈതാനത്ത് തുടരും' എന്നും കീറോണ്‍ പൊള്ളാര്‍ഡ് മത്സരശേഷം ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 600 ടി20 മത്സരങ്ങളില്‍ 11723 റണ്‍സും 309 വിക്കറ്റും 325 ക്യാച്ചും പൊള്ളാര്‍ഡിനുണ്ട്.
Asia Cup 2022 : സ്‌ക്വാഡ് മാത്രമല്ല, പ്ലേയിംഗ് ഇലവനുമായി; സര്‍പ്രൈസ് പേരുകളുമായി ആകാശ് ചോപ്ര