രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ എല്‍ രാഹുലാണ് ആകാശ് ചോപ്രയുടെ ടീമില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണര്‍ ചെയ്യുക
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള(Asia Cup 2022) ഇന്ത്യന്‍ ടീമിനെ ഇന്നലെ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവരില്‍ നിന്ന് ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര(Aakash Chopra). ചോപ്രയുടെ പ്ലേയിംഗ് ഇലവനില്‍ സര്‍പ്രൈസുകളുമുണ്ട്.
രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ എല്‍ രാഹുലാണ് ആകാശ് ചോപ്രയുടെ ടീമില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണര്‍ ചെയ്യുക. മൂന്നാം നമ്പറില്‍ മുന്‍ നായകന്‍ വിരാട് കോലിയെത്തും. ഫോമില്ലായ്‌മ മറികടന്ന് വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യമിടുന്ന കോലി ഉറപ്പായും പ്ലേയിംഗ് ഇലവനില്‍ കാണുമെന്ന് ചോപ്ര വിശ്വസിക്കുന്നു. ഇന്ത്യയുടെ വിശ്വസ്‌തനായ ബാറ്ററെന്ന് വിലയിരുത്തപ്പെടുന്ന സൂര്യകുമാര്‍ യാദവ് നാലും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അഞ്ചും സ്ഥാനങ്ങളില്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആറാം നമ്പറിലെത്തുമ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് ഏഴാമനായി ദീപക് ഹൂഡയെത്തും.
സ്‌പിന്നര്‍ രവീന്ദ്ര ജഡേജയാണ് ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍. റിസ്റ്റ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍, സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ചെറുപ്പത്തിന്‍റെ ചുറുചുറുക്കുമായി അര്‍ഷ്‌ദീപ് സിംഗ് ആദ്യ മത്സരം മുതല്‍ കളിക്കുമെന്നും ആകാശ് ചോപ്ര പറയുന്നു.
ഏഷ്യാ കപ്പില്‍ രോഹിത് ശർമ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. വിരാട് കോലിയും കെ എല്‍ രാഹുലും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ രാഹുൽ വൈസ് ക്യാപ്റ്റനായി തുടരും. സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പരിക്കേറ്റ പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും ടീമിലില്ല.
