ഏഷ്യാ കപ്പ് ടീമാവില്ല ലോകകപ്പില്‍, സൂപ്പര്‍താരം ഓസ്‌ട്രേലിയയില്‍ വേണം; ശക്തമായി വാദിച്ച് മുന്‍താരം

By Jomit JoseFirst Published Aug 9, 2022, 9:35 AM IST
Highlights

ഏഷ്യാ കപ്പ് ടീമിനെ തന്നെയാവും ബിസിസിഐ ടി20 ലോകകപ്പിന് അയക്കുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു

മുംബൈ: എഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ(Indian squad for Asia Cup 2022) ഇന്നലെ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിയും കെ എൽ രാഹുലും തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ഏഷ്യാ കപ്പ് ടീമിനെ തന്നെയാവും ബിസിസിഐ ടി20 ലോകകപ്പിന് അയക്കുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ടീമാവില്ല ലോകകപ്പില്‍ കളിപ്പിക്കുകയെന്നും പേസര്‍ മുഹമ്മദ് ഷമി(Mohammed Shami) എന്തായാലും ഓസ്‌ട്രേലിയയില്‍ വേണമെന്നും മുന്‍ മുഖ്യ സെലക്‌ടര്‍ കിരണ്‍ മോറെ(Kiran More) വാദിക്കുന്നു. 

'മുഹമ്മദ് ഷമി ടീമിലെത്താതെ ഈ സ്‌ക്വാഡിനെ ലോകകപ്പിന് അയക്കാന്‍ പാടില്ല. ലോകകപ്പ് മുന്‍നിര്‍ത്തി ബാക്ക്അപ്‌ താരങ്ങളുള്‍പ്പെടുന്ന സ്‌ക്വാഡാണ് ഇപ്പോള്‍ ഏഷ്യാ കപ്പിന് യാത്രയാവുന്നത്. ഷമി എന്തായാലും ലോകകപ്പിനുണ്ടാവണം. രാഹുല്‍ ദ്രാവിഡ് അദേഹത്തിന്‍റെ പദ്ധതികളിലാണ്. ബാക്ക്‌അപ് താരങ്ങളെ ഉള്‍പ്പെടുത്താന്‍ അദേഹം ഇഷ്‌ടപ്പെടുന്നു. ഒരു പേസര്‍ക്ക് പരിക്കേറ്റാല്‍ ആവേശ് ഖാനെ പോലൊരു താരത്തെ കളിപ്പിക്കാം. ബുമ്രയുടെ പരിക്ക് എത്രത്തോളം സാരമുള്ളതാണ് എന്നറിയില്ല. പരിക്ക് മാറിയാല്‍ ബുമ്രയും ഷമിയും തീര്‍ച്ചയായും ലോകകപ്പിനുണ്ടാവണം' എന്നും കിരണ്‍ മോറെ പറഞ്ഞു. 

ഇന്ത്യന്‍ സ്‌ക്വാഡ്: അറിയേണ്ടതെല്ലാം

കോലിയും രാഹുലും ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്ജു സാംസണും ഇഷാൻ കിഷനും പരിക്കേറ്റ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും ടീമിലില്ല. രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. രാഹുൽ വൈസ് ക്യാപ്റ്റനായി തുടരും. സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. 

ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയപ്പോള്‍ മുഹമ്മദ് ഷമിയെ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഷമി ഇന്ത്യന്‍ ടി20 സ്‌ക്വാഡിന്‍റെ ഭാഗമല്ല. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഷമിയിലേക്ക് സെലക്‌ടര്‍മാരുടെ കണ്ണെത്തിയില്ല. ഈമാസം 27നാണ് ഏഷ്യാ കപ്പിന് തുടക്കമാവുക. 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

ടീമിലെത്താന്‍ എന്താണ് അവന്‍ ചെയ്യേണ്ടത്? ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞതില്‍ അരിശം

click me!