
ദില്ലി: ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉത്തേജകമരുന്ന് പരിശോധന നടത്താന്‍ സമ്മതം മൂളിയ ബിസിസിഐ നീക്കത്തെ സ്വാഗതം ചെയ്ത് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു. കായികരംഗത്തെ സുതാര്യവും കറയറ്റതുമാക്കാനുള്ള സുപ്രധാന നീക്കമാണിത് എന്നാണ് റിജിജുവിന്‍റെ പ്രതികരണം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കായിക മന്ത്രാലയത്തിന്‍റെ ശ്രമത്തിന് ബിസിസിഐ പച്ചക്കൊടി കാട്ടുകയായിരുന്നു.
ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി(നാഡ)യുടെ പരിശോധനകള്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചാണ് ബിസിസിഐ ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്ന് പരിശോധനയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നത്. തങ്ങളുടെ സ്വയംഭരണത്തെ പ്രതികൂലമായി ബാധിക്കുമോ നാഡയുടെ ഇടപെടല്‍ എന്ന ആശങ്കയും ബിസിസിഐക്കുണ്ടായിരുന്നു.
എന്നാല്‍ യുവതാരം പൃഥ്വി ഷാ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കളിക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കാനുള്ള കായികമന്ത്രാലയത്തിന്റെ നിര്‍ദേശം ബിസിസിഐക്ക് അംഗീകരിക്കേണ്ടിവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മറ്റ് താരങ്ങളെല്ലാം ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയരാവുന്നുണ്ട് എന്നതിനാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രം ഇതില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്ന് കായിക സെക്രട്ടറി ആര്‍ എസ് ജുലാനിയ ബിസിസിഐ അധികൃതരെ അറിയിച്ചിരുന്നു.
കായികമന്ത്രാലയത്തിന്‍റെ നിര്‍ദേശം വന്നതോടെ ബിസിസിഐയും നാഡയുടെ പരിധിയില്‍ വരും. നാഡ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കളിക്കാരെ ഉത്തേജകമരുന്ന് പരിശോധനക്ക് വിധേയരാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!