KL Rahul: ക്യാപ്റ്റനാക്കേണ്ടത് അയാളെ അല്ല, രാഹുലിനെതിരെ തുറന്നടിച്ച് മുന്‍ താരം

By Web TeamFirst Published Jan 27, 2022, 8:34 PM IST
Highlights

രാഹുലില്‍ എന്ത് നായകമികവാണ് സെലക്ടര്‍മാര്‍ കണ്ടത്. അയാളെ ഭാവി നായകനായി അവതരിപ്പിക്കുമ്പോള്‍ സെലക്ടര്‍മാര്‍ പറയുന്നത് അയാളെ നായകനായി വളര്‍ത്തിയെടുക്കണമെന്നാണ്. എങ്ങനെയാണ് ഒരു കളിക്കാരനെ നായകനായി വളര്‍ത്തുക എന്ന് എനിക്കറിയില്ല.

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുലിനെ(KL Rahul) നായകനാക്കിയ സെലക്ടര്‍മാരുടെ നടപടിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി(Manoj Tiwary). രാഹുല്‍ ക്യാപ്റ്റനാവാന്‍ പ്രാപ്തിയുള്ള കളിക്കാരനാണെന്ന് തോന്നുന്നില്ലെന്നും മികച്ച ക്യാപ്റ്റനെ വാര്‍ത്തെടുക്കുക സാധ്യമായ കാര്യമല്ലെന്നും തിവാരി സ്പോര്‍ട് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാഹുലില്‍ എന്ത് നായകമികവാണ് സെലക്ടര്‍മാര്‍ കണ്ടത്. അയാളെ ഭാവി നായകനായി അവതരിപ്പിക്കുമ്പോള്‍ സെലക്ടര്‍മാര്‍ പറയുന്നത് അയാളെ നായകനായി വളര്‍ത്തിയെടുക്കണമെന്നാണ്. എങ്ങനെയാണ് ഒരു കളിക്കാരനെ നായകനായി വളര്‍ത്തുക എന്ന് എനിക്കറിയില്ല. ഒരാള്‍ സ്വാഭാവിക നേതാവാകുകയോ അല്ലാതെയോ ഇരിക്കാം. അതെന്തായാലും സ്വാഭാവികമായി വരേണ്ടതാണ്. അത് ചിലരുടെ ഉള്ളില്‍ തന്നെ ഉണ്ടാവുന്ന ഗുണമാണ്. ക്യാപ്റ്റനെ വാര്‍ത്തെടുക്കാന്‍ ചിലപ്പോള്‍ കഴിയും. പക്ഷെ അതിന് ഒരുപാട് സമയമെടുക്കും.

ഓരോ സമയത്തും എന്ത് തീരുമാനം എടുക്കണമെന്ന് മനസിലായി വരാന്‍ 20-25 മത്സരങ്ങളെങ്കിലും എടുക്കും. എന്നാലും വിജയം ഉറപ്പു പറയാനുമാകില്ല. ഓരോ രാജ്യാന്തര മത്സരവും ഇന്ത്യയെ സംബന്ധിച്ചിടത്തോളും പ്രധാനമാണ്. ഞാന്‍ രാഹുലിനെ കുറ്റം പറയുകയല്ല. സെലക്ടര്‍മാരുടെ നടപടി തീര്‍ത്തും നിരാശപ്പെടുത്തുന്നതായിപ്പോയി. ടീമിനെ നയിക്കാന്‍ പ്രാപ്തിയുള്ള ഒരു കളിക്കാരനെ കണ്ടെത്തുന്നതിന് പകരം അവര്‍ ഒരാളെ വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ എന്തു ഗുണമാണ് നിങ്ങള്‍ രാഹുലില്‍ കാണുന്നതെന്ന് ഞാന്‍ സെലക്ടര്‍മാരോട് ചോദിക്കുന്നത്-തിവാരി ചോദിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രാഹുലിന് ടീമിനെ ജയിപ്പിക്കാനായിരുന്നില്ല. തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രാഹുലിന് സമ്പൂര്‍ണ തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് നായകനായിരുന്നപ്പോഴും രാഹുലിന് ടീമിനെ ഒരു തവണ പോലും പ്ലേ ഓഫിലെത്തിക്കാനായിട്ടില്ലെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

click me!