
മുംബൈ: വിരാട് കോലി രാജിവെച്ചതോടെ ഇന്ത്യന്‍ ടീമിനെ ടെസ്റ്റില്‍ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. രോഹിത് ശര്‍മക്കാണ്(Rohit Sharma) ഏറ്റവും കൂടുതല്‍ സാധ്യതയെങ്കിലും കെ എല്‍ രാഹുല്‍(KL Rahul), റിഷഭ് പന്ത്(Rishabh Pant), ജസ്പ്രീത് ബുമ്ര(Jasprit Bumrah) എന്നീ പേരുകളും ചര്‍ച്ചകളിലുണ്ട്.
ടി20യിലും ഏകദിനത്തിലും കോലിയുടെ സ്വാഭാവിക പിന്‍ഗാമിയായി നായകസ്ഥാനത്തെത്തിയ രോഹിത്തിന് പരിക്കുമൂലം പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവരുന്നതാണ് തിരിച്ചടിയാവുന്നത്. പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ പൂര്‍ണമായും രോഹിത്തിന് നഷ്ടമായിരുന്നു. ഇതിനാല്‍ രോഹിത്തിന് പകരം മറ്റൊരു കളിക്കാരനെ ടെസ്റ്റില്‍ ക്യാപ്റ്റനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ മുതല്‍ ബുമ്ര അടക്കമുള്ളവരുടെ പേരുകള്‍ ചര്‍ച്ചക്കെത്തിയത്.
എന്നാല്‍ ബുമ്രക്ക് ഇന്ത്യന്‍ നായക സ്ഥാനത്തെത്തുക ബുദ്ധിമുട്ടാവുമെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി(Ravi Shastri). പേസ് ബൗളര്‍മാരെ പൊതുവെ ഇന്ത്യയില്‍ ക്യാപ്റ്റന്‍മാരാക്കുന്ന പതിവില്ലെന്നും അല്ലെങ്കില്‍ കപില്‍ ദേവിനെപ്പോലെ ഓള്‍ റൗണ്ടറായിരിക്കണമെന്നും രവി ശാസ്ത്രി ഷൊയൈബ് അക്തറിന്‍റെ യുട്യൂബ് ചാനലിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.
പേസ് ബൗളര്‍മാര്‍ എല്ലായ്പ്പോഴും ആക്രമണോത്സുകരാണ്. അതേ അക്രമണോത്സുകത ക്യാപ്റ്റന്‍സിയിലും പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുക. പക്ഷെ ഇന്ത്യയില്‍ ഒരു പേസ് ബൗളര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം കിട്ടാന്‍ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ അയാള്‍ കപില്‍ ദേവിനെപ്പോലെ ദീര്‍ഘകാലം തുടരാന്‍ കഴിയുന്ന മികച്ച ഓള്‍ റൗണ്ടറായിരിക്കണം-ശാസ്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുമെന്ന് ബുമ്രയും രാഹുലും പറഞ്ഞിരുന്നു. ഇന്ത്യയെ നയിക്കുക എന്നത് വലിയ ബഹുമതിയാണെന്നും ബുമ്ര വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ പരിശീലകനായ രവി ശാസ്ത്രി ബുമ്രയുടെ സാധ്യതകള്‍ തള്ളിക്കളയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!