
ലണ്ടൻ: ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കമാകും. നോര്‍ത്താംപ്ടണിലെ കൗണ്ടി ഗ്രൗണ്ടിലാണ് മത്സരം. റണ്‍മല കണ്ട ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചെങ്കിലും ടെസ്റ്റ് ടീമിലെ പ്രധാനതാരങ്ങളെല്ലാം മികവ് കാട്ടിയത് ഇന്ത്യ എക്ക് ആശ്വാസകരമാണ്. അതേസമയം, നാളെ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ഓപ്പണറായി കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോൾ ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.
ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലിനെയും സായ് സുദര്‍ശനെയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇരുവര്‍ക്കും ബിസിസിഐ വിശ്രമം അനുവദിച്ചതോടെ നാളത്തെ മത്സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പായി. ഇരുവരും നാളെ വൈകിട്ട് മാത്രമെ ഇംഗ്ലണ്ടിലേക്ക് പോകു. രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതോടെ ടെസ്റ്റ് ടീമിലെ സീനിയര്‍ ബാറ്ററായ രാഹുല്‍ ആണ് നാളെതുടങ്ങുന്ന ടെസ്റ്റിൽ ശ്രദ്ധാകേന്ദ്രമാകുക. ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാളും രാഹുലും ഇറങ്ങിയാല്‍ ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ മൂന്നാമതും കരുണ്‍ നായര്‍ നാലാമതും ബാറ്റിംഗിനെത്തുമെന്നാണ് കരുതുന്നത്.
മധ്യനിരയില്‍ തിളങ്ങിയ ധ്രുവ് ജുറെലിനും സര്‍ഫറാസ് ഖാനും പകരം നാളെ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്‌ക്‌വാദിനും പ്ലേയിംഗ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് സൂചനയുണ്ട്. പേസ് ഓള്‍ റൗണ്ടര്‍മാരായ ഷാര്‍ദ്ദുല്‍ താക്കൂറോ നിതീഷ് കുമാര്‍ റെഡ്ഡിയോ ആരെങ്കിലും ഒരാള്‍ മാത്രമെ നാളെ പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ സാധ്യതയുള്ളു. പേസ് നിരയില്‍ ആകാശ്ദീപിനും നാളെ പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. ആകാശ്ദീപ് കളിച്ചാല്‍ ഹര്‍ഷിത് റാണയാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക. ആദ്യ ടെസ്റ്റില്‍ ഇന്ത്യ എക്കെതിരെ സെഞ്ചുറി നേടിയ ഡാന്‍ മൗസ്‌ലെ ഇംഗ്ലണ്ട് ലയണ്‍സ് നിരയില്‍ നാളെ കളിക്കില്ല.ആദ്യ ടെസ്റ്റിലേതുപോലെ ബാറ്റിംഗിനെ തുണക്കുന്ന പിച്ചായിരിക്കും രണ്ടാം ടെസ്റ്റിനുമെന്നാണ് സൂചന.
ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കരുൺ നായർ, ധ്രുവ് ജുറൽ (വൈസ് ക്യാപ്റ്റൻ), കെ എല്‍ രാഹുല്‍, നിതീഷ് കുമാർ റെഡ്ഡി, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊട്ടിയൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, റുതുരാജ് ഗെയ്ക്‌വാദ്, അൻഷുൽ കാംബോജ്, ആകാശ് ദീപ്. സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ, ഖലീല്‍ അഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക