
ലണ്ടന്‍: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് നോര്‍താംപ്ടണ്‍ഷെറിന്റെ ഇന്ത്യന്‍ താരം പൃഥ്വി ഷായ്ക്ക് വണ്‍ ഡേ കപ്പ് സീസണ്‍ നഷ്ടമാവും. ഇംഗ്ലണ്ടിലെ ആഭ്യന്തര സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു പൃഥ്വി. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച ഡര്‍ഹാമിനെതിരായ മത്സരത്തില്‍ താരത്തിനേറ്റ പരിക്ക് വിനയായി. താരത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഗൗരവമേറിയതാണെന്ന് സ്‌കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അധികൃതര്‍ വ്യക്തമാക്കി. ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം വലിയ ഇംപാക്റ്റ് ഉണ്ടാക്കിയെന്നും ഈ സീസണില്‍ ഇനി കൂടെയില്ലെന്ന് അറിയുമ്പോള്‍ വിഷമമുണ്ടെന്നും ഹെഡ്് കോച്ച് ജോണ്‍ സാഡ്‌ലര്‍ വ്യക്താക്കി.
സീസണില്‍ ഇതുവരെ ഒരു ഇരട്ട സെഞ്ചുറിയും ഒരു സെഞ്ചുറിയും പൃഥ്വി നേടിയിട്ടുണ്ട്. ഡര്‍ഹാമിനെതിരെ 76 പന്തില്‍ 125 റണ്‍സാണ് പൃഥ്വി അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദര്‍ഹാം 43.2 ഓവറില്‍ 198ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ 25.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നോര്‍താംപ്ടണ്‍ഷെയര്‍ ലക്ഷ്യം മറികടന്നു. പൃഥ്വിയുടെ കൗണ്ടി അരങ്ങേറ്റം തന്നെ ഇരട്ട സെഞ്ചുറിയോടെയായിരുന്നു. സോമര്‍സെറ്റിനെതിരെ 153 പന്തില്‍ 244 റണ്‍സാണ് പൃഥ്വി അടിച്ചെടുത്തത്.
റണ്‍വേട്ടക്കാരില്‍ പൃഥ്വി ഒന്നാമതായിരുന്നു. ഡര്‍ഹാമിനെതിരായ മത്സരത്തിന് ശേഷം പൃഥ്വിയുടെ അക്കൗണ്ടില്‍ 429 റണ്‍സുണ്ടായിരുന്നു. ഇന്നിംഗ്‌സിന് ശേഷം പൃഥ്വിയെ കോച്ച് ജോണ്‍ സാഡ്‌ലര്‍ പ്രശംസകൊണ്ട് മൂടിയിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് പൃഥ്വിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്താണ് പൃഥ്വി. ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചില്ല. പിന്നീട് ഇന്ത്യന്‍ ടീമില്‍ എത്തിയതുമില്ല. ഐപിഎല്ലിലും തിളങ്ങാന്‍ പൃഥ്വിക്ക് കഴിഞ്ഞിരുന്നില്ല. പിന്നാലെ കൗണ്ടിയില്‍ ഏകദിന ചാംപ്യന്‍ഷിപ്പ് കളിക്കാന്‍ നോര്‍ത്താംപ്ടണ്‍ഷെയറുമായി പൃഥ്വി കരാറൊപ്പിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!