സച്ചിന്‍-ഗാംഗുലി കൂട്ടകെട്ടിനെ മറികടന്ന് കോലി-രഹാനെ സഖ്യത്തിന് റെക്കോര്‍ഡ്

By Web TeamFirst Published Nov 23, 2019, 5:43 PM IST
Highlights

ടെസ്റ്റില്‍ 42 ഇന്നിംഗ്സുകളില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 69.07 ശരാശരിയില്‍ 2763 റണ്‍സാണ് ഇതുവരെ കൂട്ടിച്ചേര്‍ത്തത്. 44 ഇന്നിംഗ്സുകളില്‍ നിന്ന് 2695 റണ്‍സാണ് സച്ചിനും ഗാംഗുലിയും ചേര്‍ന്ന് നേടിയത്.

കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം വിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച സഖ്യമെന്ന റെക്കോര്‍ഡ് ഇനി വിരാട് കോലി-അജിങ്ക്യാ രഹാനെ കൂട്ടുകെട്ടിന്. ബംഗ്ലാദേശിനെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം വിക്കറ്റില്‍ 99 റണ്‍സടിച്ച ഇരുവരും മറികടന്നതാകട്ടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും സൗരവ് ഗാംഗുലിയെയും.

ടെസ്റ്റില്‍ 42 ഇന്നിംഗ്സുകളില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 69.07 ശരാശരിയില്‍ 2763 റണ്‍സാണ് ഇതുവരെ കൂട്ടിച്ചേര്‍ത്തത്. 44 ഇന്നിംഗ്സുകളില്‍ നിന്ന് 2695 റണ്‍സാണ് സച്ചിനും ഗാംഗുലിയും ചേര്‍ന്ന് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് കോലി-രഹാനെ കൂട്ടുകെട്ട്.

51 ഇന്നിംഗ്സുകളില്‍ നിന്ന് 3138 റണ്‍സടിച്ചിട്ടുള്ള പാക്കിസ്ഥാന്റെ മിസ്‌ബാ ഉള്‍ ഹഖും യൂനിസ് ഖാനും ചേര്‍ന്നാണ് ടെസ്റ്റില്‍ നാലാം വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച് കൂട്ടിയിട്ടുള്ളത്. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് കരിയറിലെ ഇരുപത്തിയേഴാമത്തെയും ക്യാപ്റ്റനെന്ന നിലയില്‍ ഇരുപതാമത്തെയും സെഞ്ചുറി കുറിച്ചാണ് കോലി പുറത്തായത്. ടെസ്റ്റില്‍ തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ചുറി നേടിയ രഹാനെ 51 റണ്‍സ് നേടി.

click me!