റസ്സല്‍ പറഞ്ഞിട്ടും കാര്‍ത്തിക് സമ്മതിച്ചില്ല; പഴയ തീരുമാനം നടപ്പാക്കാനൊരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

By Web TeamFirst Published Sep 7, 2020, 1:25 PM IST
Highlights

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ് ടീം മെന്ററായ ഡേവിഡ് ഹസി. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്താനാണ് ഹസിയും ടീം പരിശീലകനുമായ ബ്രന്‍ഡന്‍ മക്കല്ലവും ശ്രമിക്കുന്നത്.

ദുബായ്: ഐപിഎല്ലിന്റെ പൂര്‍ണചിത്രം ലഭിച്ചതോടെ ടീമുകള്‍ പരിശീലനം കടുപ്പിച്ചു. ഈമാസം 19നാണ് സീസണ്‍ ആരംഭിക്കുന്നത്. ഇതിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ് ടീം മെന്ററായ ഡേവിഡ് ഹസി. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്താനാണ് ഹസിയും ടീം പരിശീലകനുമായ ബ്രന്‍ഡന്‍ മക്കല്ലവും ശ്രമിക്കുന്നത്.

ടീമിന്റെ നിര്‍ണായകതാരമായ ആന്ദ്രേ റസ്സലിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയേക്കും. ഹസി ഇതിനെ കുറിച്ച് പറയുന്നതിങ്ങനെ.. '''ടീമിന് ഗുണം ചെയ്യുന്ന തീരുമാണെങ്കില്‍ അങ്ങനെ ചിന്തിക്കും. റസ്സല്‍ മൂന്നാമനായി കളിക്കട്ടെ. 60 പന്തുകള്‍ റസ്സലിന് നേരിടാന്‍ കഴിഞ്ഞാല്‍ ഇരട്ട സെഞ്ചുറി ആ ബാറ്റില്‍ നിന്ന് പിറക്കും. ടി20 ക്രിക്കറ്റില്‍ എന്തും ചെയ്യാന്‍ കഴിവുള്ള താരമാണ് റസ്സല്‍.'' ഹസി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 13 ഇന്നിങ്‌സില്‍ നിന്ന് 510 റണ്‍സാണ് റസ്സല്‍ നേടിയത്. 11 വിക്കറ്റും താരം സ്വന്തമാക്കി. ''അതിശയിപ്പിക്കുന്ന പ്രകടനമാണ് റസ്സലിന്റേത്. ടീമിന്റെ ഹൃദയം എന്നൊക്കെ പറയാവുന്ന താരമാണ് റസ്സല്‍. കൊല്‍ക്കത്ത ഒരു സന്തുലിതമായ ടീമാണ്. ഏത് താരത്തിനും എവിടെയും ബാറ്റ് ചെയ്യാം. അതുകൊണ്ടുതന്നെ റസ്സലിന് മുന്‍നിരയിലേക്ക് സ്ഥാനകയറ്റം നല്‍കും. '' ഹസി പറഞ്ഞു. 

ഓയിന്‍ മോര്‍ഗനെ കുറിച്ചും ഹസി വാചാലനായി. ''ക്രിക്കറ്റിലെ വമ്പന്‍ പേരുകളില്‍ ഒരാളാണ് മോര്‍ഗന്‍. ഇംഗ്ലണ്ടിനെ നയിച്ചുള്ള പരിചയമുണ്ട്. ലോകകപ്പ് ചാംപ്യനാണ്. അത്തരമൊരു താരത്തിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യും.'' ഹസി പറഞ്ഞുനിര്‍ത്തി.

കഴിഞ്ഞ സീസണില്‍ തനിക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം വേണമെന്ന് റസ്സല്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനെചൊല്ലി റസ്സലും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

click me!