
കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണായക സൂപ്പര്‍ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് ശേഷം സിംബാബ്‌വെയെ തകർത്തുവിട്ട ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇറങ്ങുന്നത്. രാത്രി ഏഴിന് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാനാകും. ഇന്ന് വിൻഡീസിനെ തോല്‍പിച്ചാൽ നാലു പോയിന്‍റോടെ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം. മഴമൂലം മത്സരം സാധ്യമാവാതെ വന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തും. ഇന്ത്യ സെമി കാണാതെ പുറത്താവും.
സിംബാബ്‌വെയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗ് നിരയിൽ വരുത്തിയ മാറ്റങ്ങൾ ഇന്ത്യക്ക് ഗുണകരമായി. മലയാളി താരം സഞ്ജു സാംസണെ ഓപ്പണിംഗിലേക്ക് തിരികെ കൊണ്ടുവന്നത് ടീമിന് കരുത്തായി. സഞ്ജുവും (24), അഭിഷേക് ശർമ്മയും (55) നൽകിയ മികച്ച തുടക്കത്തിന് പിന്നാലെ ഇഷാൻ കിഷൻ (38), സൂര്യകുമാർ (33), ഹാർദിക് പാണ്ഡ്യ (50), തിലക് വർമ്മ (44) എന്നിവർ തകർത്താടിയതോടെ ഇന്ത്യ 256 റൺസെന്ന വമ്പൻ സ്കോർ പടുത്തുയർത്തിയിരുന്നു. ബൗളിംഗിൽ അർഷ്ദീപ് സിംഗിന്റെ (3/24) പ്രകടനവും ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. സിംബാബ്‌വെയെ 184 റൺസിൽ ഒതുക്കിയാണ് ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ ആധികാരിക വിജയം നേടിയത്.
തുടർ വിജയങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കയോട് ഏറ്റ തോൽവി ഷായ് ഹോപ്പിന്‍റെ വെസ്റ്റ് ഇൻഡീസിന് തിരിച്ചടിയായിട്ടുണ്ട്. ജേസൺ ഹോൾഡർ (49), റൊമാരിയോ ഷെപ്പേർഡ് (52) എന്നിവരുടെ പോരാട്ടവീര്യത്തിലാണ് വിൻഡീസ് കഴിഞ്ഞ മത്സരത്തിൽ ഭേദപ്പെട്ട സ്കോർ നേടിയത്. എന്നാൽ ബൗളിംഗ് നിരയുടെ പരാജയം കോച്ച് ഡാരൻ സമിയെ ആശങ്കയിലാഴ്ത്തുന്നു.
ആരാധകര്‍ക്ക് ആശ്വാസകരമായ വാർത്തയാണ് കൊൽക്കത്തയിൽ നിന്നും വരുന്നത്. കൊല്‍ക്കത്തയില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കളി തടസ്സമില്ലാതെ നടക്കും. 25-28 ഡിഗ്രി സെൽഷ്യസ് അയിരിക്കും അന്തരീക്ഷ താപനില. 70 ശതമാനത്തിന് മുകളിലായിരിക്കും ഹ്യുമിഡിറ്റി. ഇത് ബൗളർമാർക്ക് വെല്ലുവിളിയായേക്കാം. രാത്രിയില്‍ മഞ്ഞുവീഴ്ച ഉണ്ടാവാനുള്ള സാധ്യതയും മുന്നിലുണ്ട്. അങ്ങനെയെങ്കില്‍ ടോസ് നിര്‍ണായകമാകും. ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!