
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്ലം സെയ്‌ലേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം. മൂന്ന് വിക്കറ്റിനായിരുന്നു സെയ്‌ലേഴ്‌സിന്റെ വിജയം. മഴയെ തുടര്‍ന്ന് 13 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം അഞ്ച് പന്തുകള്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി. മികച്ചൊരു ഇന്നിങ്‌സിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ എം എസ് അഖിലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
വിജെഡി നിയമപ്രകാരം 148 റണ്‍സായിരുന്നു കൊല്ലത്തിന്റെ വിജയലക്ഷ്യം. പക്ഷെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ വിഷ്ണു വിനോദിനെ (0) അജിനാസ് പുറത്താക്കി. രണ്ടാം ഓവറില്‍ തുടരെ മൂന്ന് സിക്‌സുകളുമായി സച്ചിന്‍ ബേബി കൊല്ലത്തിന്റെ കുതിപ്പിന് തുടക്കമിട്ടു. അഞ്ച് റണ്‍സെടുത്ത അഭിഷേക് നായര്‍ പുറത്തായ ശേഷമെത്തിയ ആഷിക് മുഹമ്മദ് ചെറുതെങ്കിലും കൂറ്റനടികളുമായി ശ്രദ്ധേയനായി. ആറ് പന്തുകളില്‍ ആഷിക് 13 റണ്‍സ് നേടി.
എന്നാല്‍ അടുത്തടുത്ത ഇടവേളകളില്‍ ആഷിക്കും സച്ചിന്‍ ബേബിയും പുറത്തായി. സച്ചിന്‍ ബേബി 18 പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 36 റണ്‍സ് നേടി. തുടര്‍ന്നെത്തിയ രാഹുല്‍ ശര്‍മ്മയും വത്സല്‍ ഗോവിന്ദും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. കൈവിട്ടെന്ന് തോന്നിച്ച കളി ഷറഫുദ്ദീനും എം എസ് അഖിലും ചേര്‍ന്ന് തിരികെപ്പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അജിനാസ് എറിഞ്ഞ പത്താം ഓവറായിരുന്നു നിര്‍ണ്ണായകമായത്. തുടരെ നാല് സിക്‌സുകള്‍ പായിച്ച എം എസ് അഖില്‍ കളിയുടെ ഗതി മാറ്റിയെഴുതി. അടുത്ത ഓവറില്‍ 23 റണ്‍സെടുത്ത ഷറഫുദ്ദീന്‍ മടങ്ങി.
എന്നാല്‍ മറുവശത്ത് ഉറച്ച് നിന്ന അഖില്‍ ടീമിനെ വിജയത്തിലെത്തിച്ചു. 12 പന്തുകളില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും അടക്കം 44 റണ്‍സുമായി അഖില്‍ പുറത്താകാതെ നിന്നു. തൃശൂരിന് വേണ്ടി അജിനാസ് മൂന്നും ആദിത്യ വിനോദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ, ഷോണ്‍ റോജറും അര്‍ജുന്‍ എ കെയും ചേര്‍ന്ന തകര്‍പ്പന്‍ കൂട്ടുകെട്ടാണ് തൃശൂര്‍ ടൈറ്റന്‍സിന് കരുത്തായത്. രണ്ട് റണ്‍സെടുത്ത ആനന്ദ് കൃഷ്ണനെ പുറത്താക്കി ഏദന്‍ ആപ്പിള്‍ ടോമാണ് കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. തകര്‍ത്തടിച്ച് തുടങ്ങിയ അഹ്മദ് ഇമ്രാനെ പുറത്താക്കി ഷറഫുദ്ദീന്‍ തൃശൂരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. 11 പന്തുകളില്‍ നിന്ന് 16 റണ്‍സാണ് അഹ്മദ് ഇമ്രാന്‍ നേടിയത്. മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന വരുണ്‍ നായനാരും ഷോണ്‍ റോജറും ചേര്‍ന്ന് മികച്ച രീതിയില്‍ മുന്നോട്ട് നീക്കി. എന്നാല്‍ 22 റണ്‍സെടുത്ത വരുണ്‍ നായനാര്‍ പുറത്തായ ഉടനെ മഴയുമെത്തി.
13 ഓവര്‍ വീതമാക്കി ചുരുക്കിയ കളി വീണ്ടും തുടങ്ങുമ്പോള്‍ ബാക്കിയുണ്ടായിരുന്നത് മൂന്നര ഓവര്‍ മാത്രം. പക്ഷെ തകര്‍ത്തടിച്ച ഷോണ്‍ റോജറും എ കെ അര്‍ജുനും ചേര്‍ന്ന് ഇന്നിങ്‌സ് അതിവേഗം മുന്നോട്ട് നീക്കി. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയായിരുന്നു അര്‍ജുന്‍ തുടങ്ങിയത്. രണ്ട് പേരും തുടരെ പന്തുകള്‍ അതിര്‍ത്തി കടത്തിയതോടെ ടൈറ്റന്‍സിന്റെ റണ്‍റേറ്റ് കുതിച്ചുയര്‍ന്നു. മൂന്ന് സിക്‌സും ഒരു ഫോറുമായി തകര്‍ത്തടിച്ച അര്‍ജുന്റെ മികവില്‍ 24 റണ്‍സാണ് അവസാന ഓവറില്‍ മാത്രം ടൈറ്റന്‍സ് നേടിയത്. വെറും 14 പന്തുകളില്‍ ഒരു ഫോറും അഞ്ച് സിക്‌സുമടക്കം 44 റണ്‍സാണ് അര്‍ജുന്‍ നേടിയത്. ഷോണ്‍ റോജര്‍ 29 പന്തുകളില്‍ നിന്ന് 51 റണ്‍സ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!