വാതുവയ്‌പ്പ് കേസ് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്‌ക്കുന്നു; ക്രിക്കറ്റ് ഭരണസമിതി അംഗം അറസ്റ്റില്‍

By Web TeamFirst Published Dec 4, 2019, 12:45 PM IST
Highlights

മുന്‍ രഞ്ജി താരവും ലീഗിൽ ബെലഗാവി ടീം പരിശീലകനുമായിരുന്ന സുധീന്ദ്ര ഷിന്‍ഡേയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

ബെംഗളൂരു: കര്‍ണാടക പ്രീമിയര്‍ ലീഗ് വാതുവയ്‌പ്പില്‍ കേസില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഭരണസമിതി അംഗം അറസ്റ്റില്‍. മുന്‍ രഞ്ജി താരവും ലീഗിൽ ബെലഗാവി ടീം പരിശീലകനുമായ സുധീന്ദ്ര ഷിന്‍ഡേയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. താരങ്ങളെ കുറിച്ച് അഭ്യൂഹം പരത്തരുതെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് റോജര്‍ ബിന്നി ആവശ്യപ്പെട്ടു. 

ഷിന്‍ഡേയുടെ വസതിയില്‍ ബെംഗളൂരു പൊലീസ് രാവിലെ പരിശോധന നടത്തി. കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറണ്ടോടെയായിരുന്നു പൊലീസ് പരിശോധന. എന്നാല്‍ വാതുവയ്‌പ്പില്‍ ഷിന്‍ഡെയുടെ റോള്‍ എന്താണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കര്‍ണാടകയ്ക്കാ‌യി 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ഒരു ലിസ്റ്റ് എ മത്സരവും കളിച്ചിട്ടുണ്ട്. കര്‍ണാടക അണ്ടര്‍ 19 ടീമിന്‍റെ പരിശീലകന്‍ കൂടിയാണ് മുപ്പത്തിയൊമ്പതുകാരനായ സുധീന്ദ്ര ഷിന്‍ഡേ.

കേസില്‍ പ്രത്യേക അന്വേഷണ സംഘം സുധീന്ദ്ര ഷിന്‍ഡേയെ കൂടാതെ ജൂലൈക്ക് ശേഷം എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെലഗാവി പാന്തേര്‍‌സ് ഉടമ അലി അസ്‌ഫാക് താരയാണ് പിടിയിലായവരില്‍ ഒരാള്‍. പ്രമുഖ ഡ്രമ്മര്‍ ഭാവേഷ് ബാഫ്‌ന, ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് താരം നിശാന്ത് സിംഗ് ഷേഖ്‌വാദ്, ബൗളിംഗ് പരിശീലകന്‍ വിനു പ്രസാദ്, ഓപ്പണിംഗ് ബാറ്റ്സ്‌മാന്‍ എം വിശ്വനാഥന്‍, ബെല്ലാരി ടസ്‌കേര്‍സ് നായകന്‍ സി എം ഗൗതം, സ്‌പിന്നര്‍ അബ്രാര്‍ കാസി, രാജ്യന്തര വാതുവയ്‌പ്പുകാരന്‍ സയ്യം ഗുലാട്ടി എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.
 

click me!