ആന്‍ഡേഴ്സണും ബ്രോഡും 500 വിക്കറ്റ് തികച്ചത് ഒരേ ബാറ്റ്സ്മാനെ വീഴ്ത്തി, ഇങ്ങനെയുമുണ്ടോ ഒരു പങ്കാളി

By Web TeamFirst Published Jul 28, 2020, 6:38 PM IST
Highlights

ആന്‍ഡേഴ്സണും ബ്രോഡും 500 വിക്കറ്റ് തികച്ചത് ഒരേ ബാറ്റ്സ്മാനെ പുറത്താക്കിയാണ്. വിന്‍ഡീസ് ഓപ്പണറായ ക്രെയ്ഡ് ബാത്ത്‌വൈറ്റിനെ. 2017ലെ ലോര്‍ഡ്സ് ടെസ്റ്റിലാണ് ആന്‍ഡേഴ്സണ്‍ ബ്രാത്ത്‌വൈറ്റിനെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ആദ്യ അഞ്ഞൂറാനായത്.

മാഞ്ചസ്റ്റര്‍: ദീര്‍ഘകാലമായി ഇംഗ്ലണ്ടിന്റെ ബൗളിംഗ് പങ്കാളികളാണ് ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികച്ച ആന്‍ഡേഴ്സണ്‍ 600ന്റെ പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ സ്റ്റുവര്‍ട്ട് ബ്രോഡും ടെസ്റ്റില്‍ 500 വിക്കറ്റ് ക്ലബ്ബിലെത്തിയിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് പേസറെന്ന റെക്കോര്‍ഡിനൊപ്പം മറ്റൊരു യാദൃശ്ചികതക്ക് കൂടി ഇന്ന് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചു.

ആന്‍ഡേഴ്സണും ബ്രോഡും 500 വിക്കറ്റ് തികച്ചത് ഒരേ ബാറ്റ്സ്മാനെ പുറത്താക്കിയാണ്. വിന്‍ഡീസ് ഓപ്പണറായ ക്രെയ്ഡ് ബാത്ത്‌വൈറ്റിനെ. 2017ലെ ലോര്‍ഡ്സ് ടെസ്റ്റിലാണ് ആന്‍ഡേഴ്സണ്‍ ബ്രാത്ത്‌വൈറ്റിനെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ആദ്യ അഞ്ഞൂറാനായത്. ഇരുവരുടെയും ബൗളിംഗ് പൊരുത്തം കണ്ട് ഇങ്ങനെയുമുണ്ടോ പങ്കാളികള്‍ എന്നാണിപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.

തീര്‍ന്നില്ല, ആന്‍ഡേഴ്സന്റെയും ബ്രോഡിന്റെയും ചരിത്ര കൗതുകങ്ങള്‍.  ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് 500 വിക്കറ്റ് നേടിയ രണ്ട് ബൗളര്‍മാര്‍ ഒരു ടീമില്‍ കളിക്കുന്നത്. നാഴികക്കല്ലാകുന്ന  നേട്ടത്തില്‍ പങ്കാളിയാവുന്നത് ബ്രാത്ത്‌വൈറ്റിന്റെ സ്ഥിരം പരിപാടിയാണെന്ന് കണക്കുകള്‍ പറയുന്നു. ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ 200-ാംമത്തെ ഇരയും ബ്രാത്ത്‌വൈറ്റായിരുന്നു.

നാഴികക്കല്ലാവുന്ന നേട്ടങ്ങളില്‍ പങ്കാളിയാവുന്നതില്‍ ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് മാത്രമാണ് ബ്രാത്ത്‌വൈറ്റിന് മുന്നിലുള്ളത്. അഞ്ച് തവണ വിവിധ ബൗളര്‍മാരുടെ ചരിത്രനേട്ടത്തില്‍ കാലിസ് ഇരയായിരുന്നു. ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബ്രോഡ് വികാരാധീനനായി പ്രതികരിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ടീമിലെത്തിയ ബ്രോഡ് രണ്ട് ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് വീഴ്ത്തി. മൂന്നാം ടെസ്റ്റില്‍ ഇതുവരെ ഒമ്പത് വിക്കറ്റുമായി ബ്രോഡ് തിളങ്ങുകയും ചെയ്തു.

click me!