'ടെസ്റ്റ് ക്രിക്കറ്റിലേക്ക് ചുവടുവെച്ചാല്‍ സൂര്യവംശി വിപ്ലവം സൃഷ്ടിക്കും'; സച്ചിനുമായി താരതമ്യം വേണ്ടെന്ന് കെ ശ്രീകാന്ത്

Published : Jun 19, 2026, 07:21 PM IST
Vaibhav Suryavanshi

Synopsis

കൗമാര താരം വൈഭവ് സൂര്യവംശി ടി20യിൽ നിന്ന് ടെസ്റ്റിലേക്ക് വിജയകരമായി മാറിയാൽ ഫോർമാറ്റിന്റെ ജനപ്രീതി വർധിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. വിമർശനങ്ങളെ അവഗണിച്ച് സ്വാഭാവിക ശൈലിയിൽ കളിക്കാൻ ശ്രീകാന്ത് സൂര്യവംശിയെ ഉപദേശിക്കുകയും, താരത്തിന് കാണികളെ ആകർഷിക്കാൻ പ്രത്യേക കഴിവുണ്ടെന്നും കൂട്ടിച്ചേർത്തു.

ചെന്നൈ: കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിക്ക് ടി20 ക്രിക്കറ്റില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മാറ്റം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍, ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ജനങ്ങളുടെ താല്പര്യം വര്‍ധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ, വരാനിരിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമിലേക്ക് ഈ 15കാരന് കന്നി വിളിയെത്തിയിരുന്നു. ജൂണ്‍ 26-ന് ബെല്‍ഫാസ്റ്റില്‍ ആരംഭിക്കുന്ന പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരെ രണ്ടും ഇംഗ്ലണ്ടിനെതിരെ അഞ്ചും മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

വിമര്‍ശനങ്ങളുടെ ഭാരമില്ലാതെ സൂര്യവംശിയെ സ്വാഭാവികമായി വളരാന്‍ അനുവദിക്കണമെന്നും, കാണികളെ ആകര്‍ഷിക്കാന്‍ ഈ ചെറുപ്പക്കാരന് പ്രത്യേക കഴിവുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. ''സൂര്യവംശിയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം, റണ്‍സ് നേടാനും മത്സരത്തില്‍ ആധിപത്യം പുലര്‍ത്താനുമുള്ള അവന്റെ കഴിവാണ്. അതേസമയം ക്രീസില്‍ നിലയുറപ്പിച്ചു കളിക്കാനും അവന് സാധിക്കും. അവന്‍ ടി20യില്‍ നിന്ന് ഏകദിനത്തിലേക്കും പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലേക്കും വളരുകയും, ടെസ്റ്റില്‍ തിളങ്ങുകയും ചെയ്താല്‍ അങ്ങനെയെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് കാണാനാകും. ഇന്നത്തെ കാലത്ത് നമുക്ക് അത്തരം ക്രിക്കറ്റര്‍മാരെയാണ് ആവശ്യം. ആളുകള്‍ സൂര്യവന്‍ഷിയുടെ കളി കാണാന്‍ വേണ്ടി മാത്രം ടിവി ഓണ്‍ ചെയ്യുന്നു. അവന്‍ തനിക്ക് ചുറ്റും സൃഷ്ടിച്ചെടുത്ത ഒരു പ്രഭാവമാണത്. അവന്‍ ശരിക്കും അത്ഭുതമാണ്.'' ശ്രീകാന്ത് പറഞ്ഞു.

അടുത്തിടെ നടന്ന ഇന്ത്യ എ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ സൂര്യവംശിക്ക് ഐപിഎല്ലിലെ ഫോം ആവര്‍ത്തിക്കാന്‍ കഴിയാതെ വന്നിരുന്നു. എന്നാല്‍ ഒരു പരമ്പരയിലെ പ്രകടനം മാത്രം വെച്ച് ഈ കൗമാരക്കാരനെ വിലയിരുത്തരുതെന്നും സ്വന്തം സ്വാഭാവിക ശൈലിയില്‍ തന്നെ കളിക്കാന്‍ താരം ശ്രദ്ധിക്കണമെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ശ്രീകാന്ത് ഉപദേശിച്ചു. ''വൈഭവ്, ആളുകള്‍ നിന്നെക്കുറിച്ച് എന്ത് സംസാരിക്കുന്നു എന്നതിനെക്കുറിച്ച് നീ വിഷമിക്കേണ്ട, നിന്റെ സ്വാഭാവിക ഗെയിം കളിക്കുക.'' ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഭാവി വാഗ്ദാനങ്ങളില്‍ ഒന്നാണ് സൂര്യവംശിയെന്ന് വിശേഷിപ്പിച്ച ശ്രീകാന്ത്, അവന്റെ കഴിവ് പൂര്‍ണ്ണമായി പുറത്തെടുക്കാന്‍ സമയവും ക്ഷമയും നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുള്ള അവന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അവനെ മനോഹരമായി രൂപപ്പെടുത്തിയെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അതൊരു വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

2027 ഏകദിന ലോകകപ്പില്‍ കോലിയും രോഹിത്തും കളിക്കുമോ? ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ
2030 വരെ വിരാട് കോലി ആര്‍സിബിയില്‍ തുടര്‍ന്നേക്കും; സൂചന നല്‍കി സിഇഒ രാജേഷ് മേനോന്‍