2030 വരെ വിരാട് കോലി ആര്‍സിബിയില്‍ തുടര്‍ന്നേക്കും; സൂചന നല്‍കി സിഇഒ രാജേഷ് മേനോന്‍

Published : Jun 19, 2026, 06:52 PM IST
Virat Kohli

Synopsis

വിരാട് കോലി 2030 വരെയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍സിബി സിഇഒ രാജേഷ് മേനോന്‍. കോലിയുടെ വിജയത്തോടുള്ള അടങ്ങാത്ത ആവേശവും ഫിറ്റ്‌നസും ചൂണ്ടിക്കാട്ടിയ അദ്ദേഹം, താരം ഇനിയും മൂന്നോ നാലോ വര്‍ഷം കൂടി കളിക്കളത്തിലുണ്ടാകുമെന്നും വ്യക്തമാക്കി.

ബെംഗളൂരു: വിരാട് കോലിയുടെ വിജയത്തിനായുള്ള ആവേശം പഴയതുപോലെ തന്നെ ശക്തമാണെന്നും 2030 വരെയെങ്കിലും അദ്ദേഹം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ പ്രതിനിധീകരിച്ച് കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ആര്‍സിബി സിഇഒ രാജേഷ് മേനോന്‍ പറഞ്ഞു. കോ്ലി ഇനിയും മൂന്ന് മുതല്‍ നാല് വര്‍ഷം വരെ കളി തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, 2008-ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ടീമിനോട് താരം കാണിക്കുന്ന പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു.

ലോക ക്രിക്കറ്റില്‍ തന്നെ ഒരു കളിക്കാരനും ഫ്രാഞ്ചൈസിയും തമ്മിലുള്ള ഏറ്റവും നീണ്ടുനില്‍ക്കുന്നതും ശ്രദ്ധേയവുമായ ബന്ധങ്ങളിലൊന്നാണ് ആര്‍സിബിയും കോലിയും തമ്മിലുള്ളത്. എല്ലാ ഐപിഎല്‍ സീസണുകളിലും ബെംഗളൂരു ടീമിനായി മാത്രം കളിച്ചിട്ടുള്ള കോലി, ഇന്ന് ആര്‍സിബിയുടെ മുഖമുദ്രയാണ്. വര്‍ഷങ്ങളായി റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന അദ്ദേഹം, 283 മത്സരങ്ങളില്‍ നിന്ന് 9,336 റണ്‍സുമായി ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന പദവി സ്വന്തമാക്കിയിട്ടുണ്ട്.

രാജേഷ് മേനോന്റെ വാക്കുകള്‍... ''ആര്‍സിബിയും വിരാടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. തുടക്കം മുതല്‍ ആര്‍സിബിയുടെ സ്ഥിരതയാര്‍ന്ന ഘടകമായിരുന്നു അദ്ദേഹം. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചാല്‍ പോലും അദ്ദേഹം ആര്‍സിബിയുടെ ഭാഗമല്ലാതിരിക്കുന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. അടുത്ത മൂന്നോ നാലോ വര്‍ഷത്തേക്ക് അദ്ദേഹം ഉറപ്പായും കളിക്കളത്തിലുണ്ടാകും. കുറഞ്ഞത് നാല് വര്‍ഷമെങ്കിലും. അദ്ദേഹം പൂര്‍ണ്ണ ഫിറ്റാണ്, ആ വിജയദാഹം ഒരിക്കലും അവസാനിക്കുന്നില്ല. ഈ ഐപിഎല്‍ സീസണിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജവും റണ്‍സും മനോഭാവവുമെല്ലാം നിങ്ങള്‍ കണ്ടതാണ്. അതുകൊണ്ട് അടുത്ത മൂന്ന്-നാല് വര്‍ഷത്തേക്ക് യാതൊരു പ്രശ്‌നവുമില്ല.'' ആര്‍സിബി സിഇഒ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇന്ത്യന്‍ നായകനായ കോലി വര്‍ഷങ്ങളായി ആര്‍സിബിക്കായി നിരവധി അവിസ്മരണീയ സീസണുകള്‍ സമ്മാനിച്ചിട്ടുണ്ട്. 2016ല്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ച അദ്ദേഹം 973 റണ്‍സ് വാരിക്കൂട്ടിയിരുന്നു. 2024-ല്‍ 741 റണ്‍സ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ അദ്ദേഹം, 2025-ല്‍ 54.75 ശരാശരിയില്‍ 657 റണ്‍സോടെ ആര്‍സിബിയുടെ കന്നി ഐ.പി.എല്‍ കിരീടമെന്ന നീണ്ട കാത്തിരിപ്പിന് അറുതി വരുത്താന്‍ പ്രധാന പങ്കുവഹിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിംഗ് പരിശീലകനായി യുവരാജ് സിംഗ് എത്തിയേക്കും; റിഷഭ് പന്തിനെ തിരിച്ചെത്തിക്കാന്‍ ആലോചന
ശ്രീലങ്കന്‍ താരത്തോട് മോശമായി പെരുമാറി; വൈഭവ് സൂര്യവംശിയ്‌ക്കെതിരെ കടുത്ത നടപടിയ്‌ക്കൊരുങ്ങി ബിസിസിഐ