
ന്യൂ ചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മത്സരം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ആദ്യമായി, തങ്ങളുടെ ഇതിഹാസ സ്പിന്‍ കൂട്ടുകെട്ടായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമില്ലാതെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം സ്വന്തം മണ്ണില്‍ മത്സരത്തിനിറങ്ങുന്നത്. ഇതിന് മുന്‍പ് ഇരുവരുമില്ലാതെ ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് മത്സരം കളിച്ചത് 2010 നവംബറില്‍ നാഗ്പൂരില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു. അന്ന് ഹര്‍ഭജന്‍ സിംഗും പ്രഗ്യാന്‍ ഓജയുമായിരുന്നു ഇന്ത്യന്‍ സ്പിന്‍ നിരയെ നയിച്ചത്.
അതിനുശേഷം ഇപ്പോഴാണ് ഇങ്ങനെയൊരു സാഹചര്യം വരുന്നത്. 2024-25 സീസണിലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടയിലാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജഡേജയാകട്ടെ, ഈയിടെ സമാപിച്ച ഐപിഎല്‍ സീസണിനിടെയേറ്റ നിര്‍ഭാഗ്യകരമായ പരിക്കിനെ തുടര്‍ന്നാണ് ഈ മത്സരത്തില്‍ നിന്ന് പുറത്തായത്. അശ്വിന്‍-ജഡേജ സഖ്യത്തിന്റെ അഭാവം സൃഷ്ടിക്കുന്ന വലിയ ശൂന്യത നികത്തുക എളുപ്പമല്ലെങ്കിലും, ഇന്ത്യന്‍ സ്പിന്‍ നിരയുടെ പുതിയ അമരക്കാരനാകാന്‍ കുല്‍ദീപ് യാദവ് പൂര്‍ണ്ണ സജ്ജനാണ്.
വരാനിരിക്കുന്ന ശനിയാഴ്ച ആരംഭിക്കുന്ന മത്സരത്തില്‍ കുല്‍ദീപ് കളത്തിലിറങ്ങുകയാണെങ്കില്‍, കരിയറിലുടനീളം തനിക്ക് തുണയായിരുന്ന അശ്വിന്റെയോ ജഡേജയുടെയോ സാന്നിധ്യമില്ലാതെ താരം കളിക്കുന്ന ആദ്യ ടെസ്റ്റായിരിക്കും ഇത്. പതിവ് ടെസ്റ്റ് താരങ്ങളായ ജഡേജയുടെയും, ടീമില്‍ നിന്ന് ഒഴുവാക്കപ്പെട്ട അക്ഷര്‍ പട്ടേലിന്റെയും കുറവ് ഡ്രസ്സിംഗ് റൂമില്‍ പ്രകടമാകുമെന്ന് കുല്‍ദീപ് തുറന്നുപറഞ്ഞു. എങ്കിലും ടീമിലെത്തിയ പുതിയ യുവതാരങ്ങളില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കുല്‍ദീപിന്റെ വാക്കുകള്‍... ''ജഡേജ സ്ഥിരമായി ടെസ്റ്റ് കളിക്കുന്ന താരമാണ്, അദ്ദേഹം കൂടെയില്ലാത്തത് വലിയ നഷ്ടമാണ്. ഒപ്പം അക്‌സര്‍ പട്ടേലിനെയും ഞങ്ങള്‍ മിസ്സ് ചെയ്യും. എന്നാല്‍ ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ മികച്ചതാണ്. ഹര്‍ഷ് ദുബെ, മാനവ് സുതര്‍ തുടങ്ങിയ നിരവധി യുവതാരങ്ങള്‍ ടീമിലുണ്ട്. വാഷിംഗ്ടണ്‍ സുന്ദറും ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാണ്.'' കുല്‍ദീപ് പറഞ്ഞു. ഹര്‍ഷ് ദുബെ, മാനവ് സുതര്‍ എന്നിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂര്‍ണ്ണമായും തുടക്കക്കാരാണെങ്കിലും, പരിചയക്കുറവ് അവരുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് കുല്‍ദീപ് ഉറപ്പിച്ചു പറയുന്നു.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ഘടനയും പരിശീലന പരിപാടികളും അഞ്ച് ദിവസത്തെ ക്രിക്കറ്റിന്റെ വെല്ലുവിളികളെ നേരിടാന്‍ യുവതാരങ്ങളെ പ്രാപ്തരാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!