പാകിസ്ഥാനില്‍ മത്സരങ്ങള്‍ കളിക്കാന്‍ എംസിസി; സംഗക്കാര നായകന്‍

By Web TeamFirst Published Jan 30, 2020, 5:28 PM IST
Highlights

അടുത്ത മാസമാണ് എംസിയുടെ 12 അംഗ ടീം പാകിസ്ഥാനില്‍ മൂന്ന് മത്സരങ്ങള്‍ കളിക്കുക

ലണ്ടന്‍: പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തുന്ന 12 അംഗ എംസിസി ക്രിക്കറ്റ് ടീമിനെ കുമാര്‍ സംഗക്കാര നയിക്കും. അടുത്ത മാസമാണ് എംസിസി ടീം പാകിസ്ഥാനില്‍ മൂന്ന് മത്സരങ്ങള്‍ കളിക്കുക. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്ന എംസിസിയുടെ പ്രസിഡന്‍റ് കൂടിയാണ് ശ്രീലങ്കന്‍ ഇതിഹാസമായ കുമാര്‍ സംഗക്കാര. 

സംഗക്കാരയെ കൂടാതെ കൗണ്ടി ക്രിക്കറ്റിലെ സജീവ താരങ്ങളാണ് എംസിസി ടീമിലുള്ളത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ രവി ബൊപ്പാരയാണ് ശ്രദ്ധേയ താരങ്ങളിലൊരാള്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്ലബുകളായ ലാഹോര്‍ ഖലാന്‍ഡറിനും മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനും എതിരെ എംസിസി ടീം മത്സരങ്ങള്‍ കളിക്കും. പാക് ആഭ്യന്തര ടി20 ചാമ്പ്യന്‍മാരുമായ നോര്‍ത്തേണ്‍സുമായും മത്സരം കളിക്കും. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. 

എംസിസി സ്‌ക്വാഡ്

കുമാര്‍ സംഗക്കാര(നായകന്‍), രവി ബൊപ്പാര, മൈക്കല്‍ ബര്‍ഗീസ്, ഒലിവര്‍ ഹാന്നന്‍ ഡാള്‍ബി, ഫ്രെഡ് ക്ലാസന്‍, മൈക്കല്‍ ലീസ്‌ക്ക്, ആരോണ്‍ ലില്ലി, ഇമ്രാന്‍ ഖയും, വില്‍ റോഡ്‌സ്, സഫ്‌യാന്‍ ഷരീഫ്, വിന്‍ ഡെര്‍ മെര്‍വ്, റോസ് വൈറ്റ്‌ലി

ഒക്‌ടോബര്‍ ഒന്നിനാണ് എംസിസിയുടെ ഇംഗ്ലീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്‍റായി 42കാരനായ സംഗക്കാര ചുമതലയേറ്റത്. എക്കാലത്തെയും മികച്ച വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരുടെ പട്ടികയില്‍ സ്ഥാനമുള്ള സംഗ. പതിനഞ്ച് വര്‍ഷം നീണ്ട കരിയറില്‍ 134 ടെസ്റ്റും 404 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 12400 റണ്‍സും ഏകദിനത്തില്‍ 14234 റണ്‍സും സംഗക്കാരയുടെ പേരിലുണ്ട്. 

click me!