ടി20 ക്രിക്കറ്റിലെ മികച്ച ഓപ്പണറെന്ന ചോദ്യത്തിന് അപ്രതീക്ഷിത മറുപടിയുമായി വിരാട് കോലി. രോഹിത് ശർമ്മയെയും സച്ചിൻ ടെണ്ടുൽക്കറെയും പിന്തള്ളി, തന്റെ മുൻ സഹതാരമായ ക്രിസ് ഗെയ്‌ലിനെയാണ് കോലി തിരഞ്ഞെടുത്തത്. 

ബെംഗളൂരു: ലോക ടി20 ക്രിക്കറ്റിലെ മികച്ച ഓപ്പണറെ തെരഞ്ഞെടുത്ത് വിരാട് കോലി. രോഹിത് ശര്‍മ്മയെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും മാറ്റിനിര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെയാണ് കോലി പിന്തുണച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് കോലി തന്റെ ഇഷ്ടതാരങ്ങളെ വെളിപ്പെടുത്തിയത്. വിവിധ മുന്‍നിര താരങ്ങളെ താരതമ്യം ചെയ്തുള്ള ചോദ്യങ്ങള്‍ക്കിടയില്‍, സച്ചിനും സെവാഗും തമ്മിലുള്ള തിരഞ്ഞെടുപ്പില്‍ കോലി വീരേന്ദര്‍ സെവാഗിനെ തിരഞ്ഞെടുത്തു.

തുടര്‍ന്ന് ഫൈനല്‍ ചോയ്സായി രോഹിത് ശര്‍മ്മയും ക്രിസ് ഗെയ്ലും വന്നപ്പോള്‍, ടി20 ഫോര്‍മാറ്റാണെന്ന് ഉറപ്പിച്ച ശേഷം തന്റെ മുന്‍ ആര്‍സിബി സഹതാരം കൂടിയായ ഗെയ്ലിനെ തെരഞ്ഞെടുക്കുകയായിരുന്നു. മാര്‍ച്ച് 28ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്‍ 2026 സീസണിനായുള്ള തയ്യാറെടുപ്പുകള്‍ കോലി ഇതിനകം ആരംഭിച്ചുകഴിഞ്ഞു. നെറ്റ്സില്‍ തീവ്ര പരിശീലനം നടത്തുന്ന കോലിയുടെ വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തങ്ങളുടെ കന്നി കിരീടം നേടിക്കൊടുക്കുന്നതില്‍ കോലി നിര്‍ണ്ണായക പങ്കുവഹിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സാമ് കോലി നേടിയത്. ശരാശരി 54.75. എട്ട് അര്‍ദ്ധ സെഞ്ച്വറികും ഇതില്‍ ഉള്‍പ്പെടും. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വിരാട് കോലി. 267 മത്സരങ്ങളില്‍ നിന്നായി 8661 റണ്‍സ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 8 സെഞ്ച്വറികളും 63 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.

നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി, അഹമ്മദാബാദില്‍ നടന്ന 2025-ലെ ഫൈനലില്‍ പഞ്ചാബ് കിങ്സിനെ 6 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. കിരീടം നിലനിര്‍ത്തുക എന്ന വലിയ ലക്ഷ്യവുമായാണ് ഇത്തവണ ബെംഗളൂരു ടീം ഇറങ്ങുന്നത്.

YouTube video player