ആ ചിരിയില്‍ വേദനയുണ്ടായിരുന്നു; 2011 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷമുള്ള നില്‍പ്പിനെ കുറിച്ച് സംഗക്കാര

By Web TeamFirst Published May 29, 2020, 5:14 PM IST
Highlights

2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടുള്ള തോല്‍വിക്ക് ശേഷം ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ നില്‍പ്പ് ആരും മറക്കാനിടയില്ല. ലോക കിരീടം നഷ്ടമായിട്ടും പുഞ്ചിരിയോടെയാണ് സംഗക്കാര നിന്നിരുന്നത്.

കൊളംബൊ: 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടുള്ള തോല്‍വിക്ക് ശേഷം ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ നില്‍പ്പ് ആരും മറക്കാനിടയില്ല. ലോക കിരീടം നഷ്ടമായിട്ടും പുഞ്ചിരിയോടെയാണ് സംഗക്കാര നിന്നിരുന്നത്. 49ാം ഓവറില്‍ തകര്‍പ്പന്‍ സിക്‌സറിലൂടെ ടീമിനെ വിജയത്തിലെത്തിച്ചശേഷം ധോണിയും യുവരാജ് സിങ്ങും ആശ്ലേഷിക്കുമ്പോള്‍ പിന്നില്‍ ഒരു ചിരിയോടെ നില്‍ക്കുകയായിരുന്നു സംഗ. ഇപ്പോള്‍ ആ നില്‍പ്പിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം.

ഇന്ത്യന്‍ ടെസ്റ്റ് താരം ആര്‍ അശ്വിനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു സംഗ. മുന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു... ''തോറ്റാലും ഇല്ലെങ്കിലും അതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മത്സരം തോറ്റ നിമിഷം ആ ചിത്രത്തില്‍ കാണുന്ന എന്റെ ചിരിക്കു പിന്നില്‍ ഒളിപ്പിച്ചുവച്ച വലിയൊരു വേദനയും നിരാശയുമുണ്ട്. 1996 മുതല്‍ ലോകകപ്പ് ശ്രീലങ്കയിലെത്താന്‍ കാത്തിരിക്കുന്ന രണ്ടു കോടി ശ്രീലങ്കക്കാരെ ഓര്‍ത്തുള്ള വേദനയും നിരാശയും'' സംഗ പറഞ്ഞു.

വാംഖഡെയില്‍ തടിച്ചുകൂടിയ കാണികളെ കുറിച്ചും സംഗ വാചാലനായി. ''ജനാവലി ഞെട്ടിക്കുന്നതായിരുന്നു. ശ്രീലങ്കയില്‍ ഇത്തരത്തിലൊരു ആരാധകക്കൂട്ടത്തെ ഒരിക്കലും കാണാനാകില്ല. ഈഡന്‍ ഗാര്‍ഡന്‍സിലും ഞാന്‍ ഇതേ പ്രശ്‌നം അനുഭവിച്ചിട്ടുണ്ട്. ആളുകളുടെ ബഹളം കാരണം എനിക്ക് ഫസ്റ്റ് സ്ലിപ്പിലുള്ളവരോടു പോലും സംസാരിക്കാനാകില്ല. അതിനുശേഷം വാങ്കഡെയിലാണ് സമാനമായ ജനക്കൂട്ടത്തെ കണ്ടത്.'' സംഗക്കാര പറഞ്ഞു.

പരസ്പരം പറയുന്നത് പോലും കേള്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ടോസ് രണ്ടാമത് ഇടേണ്ടിവന്നുവെന്നും സംഗക്കാര നേരത്തെ പറഞ്ഞിരുന്നു. ഫൈനലില്‍ പരിക്ക് കാരണം എയ്ഞ്ചലോ മാത്യൂസിനെ നഷ്ടമായതും തോല്‍വിക്കു കാരണമായെന്നും സംഗക്കാര പറഞ്ഞു.

click me!