
കാഠ്‌മണ്ഡു: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടം നേപ്പാളിന്‍റെ കുശാല്‍ മല്ലയ്ക്ക്. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ്-2ല്‍ അമേരിക്കയ്‌ക്ക് എതിരെയാണ് കുശാല്‍ ഫിഫ്റ്റി നേടിയത്. 15 വയസും 340 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്‍റെ നേട്ടം. ഏകദിന അരങ്ങേറ്റത്തിലായിരുന്നു കുശാല്‍ മല്ലയുടെ റെക്കോര്‍ഡ് പ്രകടനം എന്നതും ശ്രദ്ധേയമാണ്.
അമേരിക്കയ്‌ക്കെതിരെ 35 റണ്‍സിന്‍റെ ജയം നേപ്പാള്‍ സ്വന്തമാക്കിയപ്പോള്‍ കുശാല്‍ 51 പന്തില്‍ 50 റണ്‍സെടുത്തു. ഒരു നേപ്പാള്‍ താരത്തിന്‍റെ പേരില്‍ തന്നെയായിരുന്നു മുന്‍ റെക്കോര്‍ഡുണ്ടായിരുന്നത്. യുഎഇക്കെതിരെ 16 വയസും 146 ദിവസവും പ്രായമുള്ളപ്പോള്‍ 55 റണ്‍സ് നേടിയ രോഹിത് പൗഡലിന്‍റെ റെക്കോര്‍ഡാണ് കുശാല്‍ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 49.2 ഓവറില്‍ 190 റണ്‍സില്‍ പുറത്തായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ യുഎസ്എക്ക് 44.1 ഓവറില്‍ 155 റണ്‍സെടുക്കാനേയായുള്ളൂ. ടൂര്‍ണമെന്‍റില്‍ നേപ്പാളിന്‍റെ ആദ്യ ജയമാണിത്. 7.1 ഓവറില്‍ 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ കരനാണ് ജയം സമ്മാനിച്ചത്. അമേരിക്കയ്‌ക്കായി 75 റണ്‍സെടുത്ത ഇയാന്‍ ഹോളണ്ടിന്‍റെ പ്രകടനം പാഴായി. നേരത്തെ അര്‍ധ സെഞ്ചുറി നേടിയ ബിനോദ് ഭാന്ധാരിയും(59), കുശാല്‍ മല്ലയുമാണ്(50) നേപ്പാളിനെ 190ലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!