
മുംബൈ: രോഹിത് ശർമ്മയെ ക്യാപ്റ്റൻസ് സ്ഥാനത്തുനിന്ന് നീക്കിയതിൽ വൻ പ്രതിഷേധവുമായി മുംബൈ ഇന്ത്യൻസ് ആരാധകർ. ഹാർദിക് പാണ്ഡ്യയെ നായകനാക്കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണത്തിന് ഫോളോവേഴ്സിനെയാണ് മുംബൈ ഇന്ത്യൻസിന് നഷ്ടമായത്.
ബാഹുബലിയെ പിന്നിൽനിന്ന് കുത്തിയ കട്ടപ്പയോടാണ് ഹാർദിക് പാണ്ഡ്യയെ രോഹിത് ശർമ്മയുടെ ആരാധകർ ഉപമിക്കുന്നത്. അഞ്ച് ഐപിഎല്‍ കിരീടം സമ്മാനിച്ച നായകൻ രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് അപമാനിച്ചെന്നും ആരാധകർ പറയുന്നു. 'ചതിച്ച ടീമിനൊപ്പം രോഹിത് ശർമ്മ ഒരു നിമിഷം പോലും ഇനി തുടരരുത്. ഹാർദിക്കിന് ഒരിക്കലും രോഹിത്തിനെ പോലൊരു നായകനാവാൻ കഴിയില്ല. അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ് ഈ ക്യാപ്റ്റന്‍സി മാറ്റം'- മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ പ്രതിഷേധവും നിരാശയും ഇങ്ങനെ നീളുന്നു. ഹാർദിക്കിനെ നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെ രോഹിത് ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ മുംബൈ ഇന്ത്യൻസിനെ വ്യാപകമായി അൺഫോളോ ചെയ്തു. മണിക്കൂറുകൾക്കകം എക്സിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ആരാധകർ മുംബൈ ഇന്ത്യൻസിനെ കൈവിട്ടു. ഷെയിം ഓണ്‍ മുംബൈ ഇന്ത്യന്‍സ് എന്ന ഹാഷ്ടാഗിലൂടെയും പ്രതിഷേധം അറിയിക്കുകയാണ് രോഹിത് ശർമ്മയെ സ്നേഹിക്കുന്ന ആരാധകർ.
ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും മികച്ച നായകനാണ് രോഹിത് ശർമ്മ. 2013ലാണ് രോഹിത് ശർമ്മ മുംബൈ ഇന്ത്യന്‍സിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് രോഹിത് ക്യാപ്റ്റനായുള്ള 2013ലെ ആദ്യ സീസണില്‍ തന്നെ കിരീടമുയർത്തി. പിന്നീട് 2015, 2017, 2019, 2020 സീസണിലും രോഹിത്തിന്‍റെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം തൂത്തുവാരി. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിന്‍റെ പേരിലാണ്. ഇത് കൂടാതെ 2013ല്‍ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടവും മുംബൈ ഇന്ത്യന്‍സിന് രോഹിത് ശർമ്മ സമ്മാനിച്ചു.
Read more: രോഹിത് ശർമ്മ യുഗാന്ത്യം; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍, സർപ്രൈസ് പ്രഖ്യാപനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം