Asianet News MalayalamAsianet News Malayalam

രോഹിത് ശർമ്മ യുഗാന്ത്യം; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍, സർപ്രൈസ് പ്രഖ്യാപനം

മുംബൈ ഇന്ത്യന്‍സില്‍ ഈ സീസണില്‍ തന്നെ ക്യാപ്റ്റന്‍സി മാറ്റം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല

IPL 2024 Hardik Pandya replaces Rohit Sharma as Mumbai Indians captain
Author
First Published Dec 15, 2023, 7:52 PM IST

മുംബൈ: ഐപിഎല്‍ 2024 സീസണിന് മുമ്പ് വമ്പന്‍ മാറ്റവുമായി മുംബൈ ഇന്ത്യന്‍സ്. മുംബൈ ടീമിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച ഇതിഹാസ നായകന്‍ രോഹിത് ശർമ്മയ്ക്ക് പകരം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി. 2024 സീസണില്‍ ഹാർദിക്കിന്‍റെ കീഴിലാകും മുംബൈ ഇന്ത്യന്‍സ് കളത്തിലിറങ്ങുക. ഗുജറാത്ത് ടൈറ്റന്‍സിനായി രണ്ട് സീസണില്‍ കളിച്ചതിന് ശേഷം ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിവന്നതോടെ ഭാവി ക്യാപ്റ്റനാകും എന്ന് ഉറപ്പായിരുന്നുവെങ്കിലും ഈ സീസണില്‍ തന്നെ ക്യാപ്റ്റന്‍സി മാറ്റം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്‍മാരിലൊരാളാണ് മുംബൈ ഇന്ത്യന്‍സില്‍ സ്ഥാനമൊഴിയുന്ന രോഹിത് ശർമ്മ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ക്യാപ്റ്റനെന്ന നിലയില്‍ അഞ്ച് കിരീടങ്ങള്‍ രോഹിത് സമ്മാനിച്ചു. 2013ലാണ് രോഹിത് ശർമ്മ മുംബൈ ഇന്ത്യന്‍സിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. ആദ്യ സീസണില്‍ തന്നെ കിരീടമുയർത്തിയായിരുന്നു രോഹിത്തിന്‍റെ നായക തുടക്കം. പിന്നീട് 2015, 2017, 2019, 2020 സീസണിലും രോഹിത്തിന്‍റെ നായകത്വത്തില്‍ മുംബൈ കിരീടങ്ങള്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് ഇതോടെ രോഹിത് പേരിലാക്കി. ഹിറ്റ്മാന് കീഴില്‍ ഐപിഎല്‍ 2023ലും മുംബൈ ടീം പ്ലേ-ഓഫ് കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി മികവിന്‍റെ പേരിലായിരുന്നു രോഹിത്തിന് ഇന്ത്യന്‍ ടി20 ടീമിന്‍റെ നായകസ്ഥാനം പിന്നാലെ ബിസിസിഐ ഏല്‍പിച്ചത്.

അതേസമയം താരമെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നാലും ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റന്‍സില്‍ ഒരു കിരീടവും ഹാർദിക് പാണ്ഡ്യയുടെ പേരിലുണ്ട്. 2015 മുതല്‍ 2021 വരെ മുംബൈ ഇന്ത്യന്‍സിന്‍റെ നിർണായക താരമായിരുന്ന ഹാർദിക് 2022ലാണ് ലീഗിലെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സില്‍ നായകനായി ചേർന്നത്. ആദ്യ സീസണില്‍ തന്നെ കിരീടവും രണ്ടാം അങ്കത്തില്‍ റണ്ണറപ്പ് സ്ഥാനവും ടൈറ്റന്‍സിന് ഹാർദിക് നേടിക്കൊടുത്തു. ഇതിന് ശേഷമാണ് 2024 സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യ തന്‍റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തിയത്. 

Read more: വിശ്വസിക്കാനാവുന്നില്ല; 5.3 ഓവർ, 7 റണ്‍സിന് 5 വിക്കറ്റ്! അതിശയ സ്പെല്ലുമായി ദീപ്തി ശർമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios