2011 ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം; അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്ത് ലങ്കന്‍ പോലീസ്

By Web TeamFirst Published Jun 30, 2020, 11:34 PM IST
Highlights

ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കന്‍ ഓപ്പണറായിരുന്ന ഉപുല്‍ തരംഗയെ ആണ് അടുത്ത് ചോദ്യം ചെയ്യുകയെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കൊളംബൊ: 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി  മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ ശ്രീലങ്കന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലോകകപ്പ് സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായിരുന്ന അരവിന്ദ ഡിസില്‍വയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ആറ് മണിക്കൂറോളം നീണ്ടു. ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിസില്‍വ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കന്‍ ഓപ്പണറായിരുന്ന ഉപുല്‍ തരംഗയെ ആണ് അടുത്ത് ചോദ്യം ചെയ്യുകയെന്ന് അന്വേഷണസംഘം വ്യക്തമാക്കി.


മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജാണ് ഒത്തുകളി നടന്നിട്ടുണ്ടെന്നുള്ള കാര്യം പുറത്തുവിട്ടത്. ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ആരോപണത്തില്‍ മിദനാന്ദയുടെ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. കായിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘമാണ് ഈ കേസിലും അന്വേഷണം നടത്തുന്നത്.

നേരത്തെ കായികമന്ത്രി ഡള്ളാസ് അലാഹ്‌പെരുമ ആണ് മുന്‍ കായിക മന്ത്രിയുടെ ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.


മുന്‍ കായികമന്ത്രി അലുത്ഗമേജ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചെങ്കിലും തെളിവൊന്നും നിരത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മുന്‍ മന്ത്രിയുടെ ആരോപണത്തിനെതിരേ 2011ലെ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, ടീമംഗമായിരുന്ന മുന്‍ നായകന്‍ മഹേല ജയവര്‍ധനെ എന്നിവര്‍ രംഗത്തു വന്നിരുന്നു. ലോകകപ്പില്‍ ഒത്തുകളി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് പുറത്തു വിടാനായിരുന്നു ഇരുവരും ആവശ്യപ്പെട്ടത്.

ഫൈനലില്‍ കമന്റേറ്ററായിരുന്നു ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയും മത്സരം ഒത്തുകളിയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മുമ്പ് പറഞ്ഞിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാംം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

click me!