
കൊളംബോ: കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ എല്ലാ കണ്ണുകളും ലസിത് മലിംഗയിലായിരുന്നു. വീരോചിത യാത്രയപ്പാണ് ഏകദിന വിടവാങ്ങൽ മത്സരത്തിൽ ലസിത് മലിംഗയ്ക്ക് ശ്രീലങ്കൻ താരങ്ങൾ നൽകിയത്.
ഇതിഹാസ ബൗളർക്ക് ആദരമർപ്പിച്ചാണ് മത്സരം തുടങ്ങിയത്. കുശാൽ പെരേര കുശാലായി റണ്ണടിച്ചപ്പോൾ പന്തെറിയാനെത്തിയ മലിംഗയ്ക്ക് കാര്യങ്ങൾ എളുപ്പമായി. വിടവാങ്ങൽ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ്. ലങ്കൻ വിജയം പൂർത്തിയാക്കിയ ബംഗ്ലാദേശിന്‍റെ അവസാന വിക്കറ്റും മലിംഗയ്ക്ക്. 38 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മലിംഗ ഏകദിനം മതിയാക്കിയത്. ശ്രീലങ്കയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഏകദിന വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളർ എന്ന തലയെടുപ്പോടെയാണ് മലിംഗ മടങ്ങുന്നത്. 226 മത്സരങ്ങളിൽ നിന്ന് 338 വിക്കറ്റാണ് മലിംഗയുടെ സമ്പാദ്യം.
ഉചിത സമയത്താണ് ഏകദിനത്തിൽ നിന്ന് വിരമിക്കുന്നതെന്ന് മത്സരശേഷം മലിംഗ പറഞ്ഞു. 2004 ജൂലൈയിൽ യുഎഇക്കെതിരെ ആയിരുന്നു മലിംഗയുടെ ഏകദിന അരങ്ങേറ്റം. 2010ൽ ടെസ്റ്റിൽ നിന്ന് വിരമിച്ചു. 101 വിക്കറ്റ് വീഴ്ത്തി. മുപ്പത്തിയഞ്ചുകാരനായ മലിംഗ ട്വന്‍റി 20യിൽ തുടർന്നും കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!