ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ഫൈനല്‍: കാലിസിന് ഫിഫ്റ്റി, ഏഷ്യാ ലയണ്‍സിന് 148 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Mar 20, 2023, 9:44 PM IST
Highlights

മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ മോണി വാന്‍ വിക്ക് അബ്‌ദുര്‍ റസാക്കിന്‍റെ പന്തില്‍ ബൗള്‍ഡായി

ദോഹ: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ഫൈനലില്‍ ഏഷ്യാ ലയണ്‍സിനെതിരെ വേള്‍ഡ് ജയന്‍റ്‌സിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വേള്‍ഡ് ജയന്‍റ്‌സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ജാക്ക് കാലിസാണ്(53 പന്തില്‍ 76*) വേള്‍ഡ് ടീമിന്‍റെ ടോപ് സ്കോറര്‍. ജാക്ക് കാലിസ്-റോസ് ടെയ്‌ലര്‍ സഖ്യത്തിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് നിര്‍ണായകമായി. അബ്‌ദുര്‍ റസാഖ് രണ്ടും തിസാര പെരേര ഒന്നും വിക്കറ്റ് വീഴ്‌ത്തി. 

സാവധാനമായിരുന്നു വേള്‍ഡ് ജയന്‍റ്‌സിന്‍റെ തുടക്കം. ഇതിനിടെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ മോണി വാന്‍ വിക്ക് അബ്‌ദുര്‍ റസാക്കിന്‍റെ പന്തില്‍ ബൗള്‍ഡായി. ഏഴ് പന്ത് നേരിട്ട താരത്തിന് അക്കൗണ്ട് തുറക്കാനായില്ല. പിന്നാലെ ഇതേ ഓവറില്‍ സൂപ്പര്‍ താരം ഷെയ്‌ന്‍ വാട്‌സണും പൂജ്യത്തില്‍ മടങ്ങി. രണ്ട് പന്ത് മാത്രമേ ക്യാപ്റ്റന്‍ കൂടിയായ വാട്‌സണിന്‍റെ ഇന്നിംഗ്‌സിനുണ്ടായിരുന്നുള്ളൂ. മറ്റൊരു ഓപ്പണറായ ലെന്‍ഡി സിമ്മന്‍സ് ഒരറ്റത്ത് നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 16 പന്തില്‍ 17 റണ്‍സെടുത്ത് നില്‍ക്കവേ തന്‍വീറിന്‍റെ ത്രോയില്‍ പുറത്തായി. ഇതിന് ശേഷം ജാക്ക് കാലിസ്-റോസ് ടെയ്‌ലര്‍ സഖ്യമാണ് വേള്‍ഡ് ജയന്‍റ്‌സിനെ 100 കടത്തിയത്. 

ഇതിന് പിന്നാലെ 17-ാം ഓവറിലെ മൂന്നാം പന്തില്‍ റോസ് ടെയ്‌ലറെ തിസാര പെരേര മടക്കി. 33 പന്തില്‍ ടെയ്‌ലര്‍ 32 റണ്‍സെടുത്തു. ഒരറ്റത്ത് കാലുറപ്പിച്ച കാലിസ് 42 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. മറുവശത്ത് പോള്‍ കോളിംഗ്‌വുഡിന് അവസാന ഓവറുകളില്‍ വെടിക്കെട്ട് പുറത്തെടുക്കാനായില്ല. 19-ാം ഓവറിലെ നാലാം പന്തില്‍ ഓട്ടത്തിനിടെ പരിക്കേറ്റ് കോളിംഗ്‌വുഡ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജാക്ക് കാലിസും(53 പന്തില്‍* 76 ), സമിത് പട്ടേലും(3 പന്തില്‍* 3) പുറത്താവാതെ നിന്നു. 

നാണംകെട്ട് മുംബൈ ഇന്ത്യന്‍സ്; ഡല്‍ഹിക്കെതിരെ കുഞ്ഞന്‍ സ്കോര്‍

click me!