നാണംകെട്ട് മുംബൈ ഇന്ത്യന്‍സ്; ഡല്‍ഹിക്കെതിരെ കുഞ്ഞന്‍ സ്കോര്‍

By Web TeamFirst Published Mar 20, 2023, 8:58 PM IST
Highlights

മുംബൈ കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് തുടക്കത്തില്‍ നേരിട്ടത്. 6.5 ഓവറില്‍ 21 റണ്‍സ് ചേര്‍ത്തപ്പോഴേക്ക് നാല് വിക്കറ്റ് വീണു.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 8 വിക്കറ്റിന് 109 റണ്‍സേ നേടിയുള്ളൂ. 26 റണ്‍സെടുത്ത പൂജ വസ്‌ത്രക്കറാണ് ടോപ് സ്കോറര്‍. മരിസാന്‍ കാപ്പും ശിഖ പാണ്ഡെയും ജെസ്സ് ജൊനാസ്സനും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. അരുന്ധതി റെഡി ഒരാളെ പറഞ്ഞയച്ചു

മുംബൈ കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് തുടക്കത്തില്‍ നേരിട്ടത്. 6.5 ഓവറില്‍ 21 റണ്‍സ് ചേര്‍ത്തപ്പോഴേക്ക് നാല് വിക്കറ്റ് വീണു. ഓപ്പണര്‍ യാസ്‌തിക ഭാട്ടിയ(6 പന്തില്‍ 1), നാറ്റ് സൈവര്‍ ബ്രണ്ട്(1 പന്തില്‍ 0) എന്നിവരെ മൂന്നാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ മരിസാന്‍ കാപ്പ് പുറത്താക്കി. മറ്റൊരു ഓപ്പണര്‍ ഹെയ്‌ലി മാത്യൂസിനെ 10 പന്തില്‍ 5 റണ്‍സെടുത്ത് നില്‍ക്കേ ശിഖ പാണ്ഡെ പറഞ്ഞയച്ചു. 16 പന്തില്‍ 8 നേടിയ അമേലിയ കേറിനെ അരുന്ധതി റെഡി, താനിയ ഭാട്ടിയയുടെ കൈകളിലെത്തിച്ചു. ഇതോടെ 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മുംബൈക്ക് 46 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. 

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പൂജ വസ്‌ത്രക്കറും നടത്തിയ രക്ഷാപ്രവര്‍ത്ത ശ്രമമാണ് മുംബൈ ഇന്ത്യന്‍സിനെ കൂട്ടത്തകര്‍ച്ചയിലും കാത്തത്. എന്നാല്‍ 19 പന്തില്‍ 26 റണ്‍സെടുത്ത പൂജയെ സിക്‌സര്‍ ശ്രമത്തിനിടെ ജൊനാസ്സന്‍ പിടികൂടിയത് വഴിത്തിരിവായി. വൈകാതെ ഹര്‍മനും(26 പന്തില്‍ 23) പുറത്തായി. ശിഖ പാണ്ഡെയ്‌ക്കായിരുന്നു വിക്കറ്റ്. ഇതോടെ മുംബൈ 14.5 ഓവറില്‍ 74-6 എന്ന നിലയില്‍ വീണ്ടും തകര്‍ച്ച നേരിട്ടു. വാലറ്റത്ത് 19-ാം ഓവറിലെ രണ്ടാം പന്തിലാണ് ഇസി വോങും അമന്‍ജോത് കൗറും ചേര്‍ന്ന് ടീം സ്കോര്‍ 100 കടത്തുന്നത്. വോങ് 24 പന്തില്‍ 23 ഉം അമന്‍ജോത് 16 പന്തില്‍ 19 ഉം റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഹുമൈറ കാസി രണ്ട് റണ്‍സുമായി പുറത്താവാതെ നിന്നു. 

മുഷ്‌ഫീഖുര്‍ അഴിഞ്ഞാടി, റെക്കോര്‍ഡ് വേഗത്തില്‍ സെഞ്ചുറി; റെക്കോര്‍‍ഡ് സ്കോറുമായി ബംഗ്ലാദേശ്

click me!