
ലെസസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളുടെ പരിശീലന മത്സരം(Leicestershire vs India) പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ടീമിനെതിരെ ലെസസ്റ്ററിനായി കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്(Rishabh Pant) ഇന്ത്യന്‍ മുന്‍നിര പേസർമാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരെ കടന്നാക്രമിച്ചു. ഉമേഷിനെ(Umesh Yadav) ഗംഭീരന്‍ ഫ്ലിക് ഷോട്ട് കളിച്ചാണ് റിഷഭ് അർധ സെഞ്ചുറി പൂർത്തിയാക്കിയത്. ഇതിന്‍റെ വീഡിയോ വൈറലായി.
റിഷഭ് പന്ത് 72 പന്തില്‍ 45 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ഔട്ട്സൈഡ് ലെഗ് സ്റ്റംപില്‍ ബോള്‍ എറിയുകയായിരുന്നു ഉമേഷ് യാദവ്. മുട്ടിലിരുന്ന് അനായാസം ഫ്ലിക് ചെയ്ത് സിക്സർ പറത്തി യുവതാരം ഫിഫ്റ്റി തികച്ചു. ഇതിന് പിന്നാലെ ഈ സിക്സിന്‍റെ വീഡിയോ വൈറലായി. മുഹമ്മദ് ഷമിക്കെതിരെ മികച്ച കവർ ഡ്രൈവുകളുമായും സന്നാഹമത്സരത്തില്‍ ഇന്ന് റിഷഭ് പന്ത് നിറഞ്ഞുനിന്നു. ഫിഫ്റ്റി തികച്ചതിന് പിന്നാലെ 9 പന്തില്‍ 25 റണ്‍സുമായി റിഷഭ് ടോപ് ഗിയറിലായി.
രവീന്ദ്ര ജഡേജയെ സിക്സറിന് ശ്രമിച്ച് റിഷഭ് പന്ത് പുറത്താകുമ്പോള്‍ 82 പന്തില്‍ 76 റണ്‍സുണ്ടായിരുന്നു. ശ്രേയസ് അയ്യർക്കായിരുന്നു ക്യാച്ച്. 14 ഫോറും ഒരു സിക്സും തന്‍റെ ഇന്നിംഗ്സില്‍ റിഷഭ് നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് മറുപടിയായി ലെസസ്റ്ററിനായി റിഷി പട്ടേലും റോമന്‍ വോള്‍ക്കറുമായി നിർണായക കൂട്ടുകെട്ടുകള്‍ റിഷഭ് ഉണ്ടാക്കി. ജൂലൈ 1 മുതല്‍ ബിർമിംഗ്‍ഹാമിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്.
ലെസസ്റ്ററിനെതിരായ പരിശീലന മത്സരം: പൂജാരയെ പൂജ്യത്തിന് മടക്കി ഷമി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!