
ബുലവായോ: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ 150 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ദക്ഷിണാഫ്രിക്കയുടെ യുവതാരം ലുയാന്‍-ഡ്രെ പ്രിട്ടോറിയസ്. സിംബാബ്‌വെക്കെതിരായ ആദ്യ ടെസ്റ്റില്‍ 153 റണ്‍സ് അടിച്ചെടുത്തതോടെയാണ് താരം ചരിത്ര പുസ്തകത്തില്‍ ഇടം പിടിച്ചത്. നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പ്രിട്ടോറിയസിന്റെ ഇന്നിംഗ്‌സ്. മുന്‍ പാകിസ്ഥാന്‍ ഇതിഹാസം ജാവേദ് മിയാന്‍ദാദിന്റെ 48 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് യുവതാരം സ്വന്തം പേരിലാക്കിയത്. 19 വയസ്സും 93 ദിവസവും പ്രായമുള്ള പ്രിട്ടോറിയസ് 160 പന്തില്‍ നിന്ന് 153 റണ്‍സ് നേടി.
1976 ല്‍ ലാഹോറില്‍ ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ മിയാന്‍ദാദിന് 19 വയസ്സും 119 ദിവസവുമായിരുന്നു പ്രായം. ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കക്കാരനും അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ കളിക്കാരനുമാണ് പ്രിട്ടോറിയസ്. ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 23, പിന്നീട് നാലിന് 55 എന്ന നിലയില്‍ ബുദ്ധിമുട്ടുന്ന സമയത്തായിരുന്നു പ്രിട്ടോറിയസ് ഏകദിന ശൈലിയില്‍ ബാറ്റ് വീശി ദക്ഷാണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
മറ്റൊരു അരങ്ങേറ്റക്കാരന്‍ ഡിവാള്‍ഡ് ബ്രെവിസുമായി ചേര്‍ന്ന് പ്രിട്ടോറിയസ് വെറും 88 പന്തുകളില്‍ നിന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബ്രെവിസ് 38 പന്തുകളില്‍ നിന്ന് 51 റണ്‍സ് നേടി, അതില്‍ നാല് സിക്‌സറുകള്‍ ഉള്‍പ്പെടുന്നു. ഒരു ദക്ഷിണാഫ്രിക്കന്‍ അരങ്ങേറ്റക്കാരന്റെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് അര്‍ദ്ധ സെഞ്ച്വറിയാണിത്. പ്രിട്ടോറിയസിന് പുറമെ കോര്‍ബിന്‍ ബോഷും സെഞ്ചുറി നേടി. എട്ടാമനായി ക്രീസിലെത്തിയ ബോഷ് 124 പന്തില്‍ 100 റണ്‍സാണ് അടിച്ചെടുത്തത്. 10 ബൗണ്ടറികള്‍ ഇതില്‍ ഉള്‍പ്പെടും. മൂവരുടേയും കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി തനക ചിവാംഗ നാല് വിക്കറ്റ് നേടി.
പിന്നാലെ ബാറ്റിംഗിനെത്തിയ സിംബാബ്‌വെ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തിട്ടുണ്ട്. സീന്‍ വില്യംസ് (38), ക്രെയ്്ഗ് ഇര്‍വിന്‍ (21) എന്നിവരാണ് ക്രീസില്‍. തകുഡ്സ്വാനഷെ കൈതാനോ (0), നിക്ക് വെല്‍ച്ച് (4) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ബ്രയാന്‍ ബെന്നറ്റ് (19) റിട്ടയേര്‍ഡ് ഹര്‍ട്ടായി.