
ലക്‌നൗ: ഇന്ത്യന്‍ പേസ് ബൗളര്‍ യാഷ് ദയാല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഗാസിയാബാദില്‍ നിന്നുള്ള യുവതിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരം കൂടിയായ യാഷ് ദയാലിനെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിലൂടെയാണ് പരാതി നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഗാസിയാബാദിലെ ഇന്ദിരാപുരം സര്‍ക്കിള്‍ ഓഫീസറില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസിന് ജൂലൈ 21 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 27കാരനായ യാഷ് ദയാലും താനും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പലപ്പോഴായി യാഷ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും ഉപയോഗിച്ചുവെന്നും പരാതിക്കാരി വ്യക്തമാക്കി. ആ സമയത്ത് തന്നെ യാഷ് വിവാഹവാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നു. തന്നെ കുടുംബത്തിന് പരിചയപ്പെടുത്തിയ യാഷിന്‍റെ പെരുമാറ്റം ഭര്‍ത്താവിന്റേത് പോലെ ആയിരുന്നുവെന്നും അതുവഴി വിശ്വാസം നേടിയെടുത്തുവെന്നും പരാതിക്കാരി വ്യക്തമാക്കി.
തങ്ങളുടെ പ്രണയ കാലത്ത് മറ്റ് സ്ത്രീകളുമായി യാഷിന് ബന്ധമുണ്ടായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു. മാത്രമല്ല, ചോദ്യം ചെയ്തപ്പോള്‍ തനിക്കെതിരെ അക്രമണം അഴിച്ചു വിട്ടെന്നും യുവതി ആരോപിച്ചു. താരം തന്നില്‍ നിന്ന് പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും മുമ്പ് മറ്റ് സ്ത്രീകളോടും യാഷ് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും പരാതിക്കാരി.
2025 ജൂണ്‍ 14ന് വനിതകളുടെ ഹെല്‍പ് ലൈന്‍ നമ്പറായ 181ല്‍ വിളിച്ച് താന്‍ പരാതിപ്പെട്ടതില്‍ നടപടികളൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചതെന്നാണ് യുവതി പറയുന്നത്. ആരോപണങ്ങള്‍ തെളിയിക്കുന്ന ചാറ്റുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വിഡിയോ കോളുകള്‍, ഫോട്ടോകള്‍ എന്നിവയൊക്കെ തന്റെ പക്കലുണ്ടെന്നും പക്ഷപാതമില്ലാതെ കേസ് അന്വേഷിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.