
ലോര്‍ഡ്സ്: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ 186 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(2-2). മഴ മൂലം 39 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്തപ്പോള്‍ ഓസ്ട്രേലിയ 24.4 ഓവറില്‍ 126 റണ്‍സിന് ഓള്‍ ഔട്ടായി.34 റണ്‍സെടുത്ത ട്രാവിസ് ഹെഡും 28 റണ്‍സെടുത്ത ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷും മാത്രമാണ് ഓസീസിനായി പൊരുതിയുള്ളു.
ഓപ്പണിംഗ് വിക്കറ്റില്‍ ഹെഡ്-മാര്‍ഷ് സഖ്യം 8.4 ഓവറില്‍ 68 റണ്‍സടിച്ചശേഷം 56 റണ്‍സെടുക്കുന്നതിനിടെ ഓസീസ് ഓള്‍ ഔട്ടായി. അലക്സ് ക്യാരി(13), ഷോണ്‍ ആബട്ട്(10) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.സ്റ്റീവ് സ്മിത്ത്(5),ജോഷ് ഇംഗ്ലിസ്(8), മാര്‍നസ് ലാബുഷെയ്ൻ(4) ഗ്ലെന്‍ മാക്സവെല്‍(2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി മാത്യു പോട്സ് നാലും ബ്രൈഡന്‍ കാഴ്സ് മൂന്നും ജോഫ്രആര്‍ച്ചര്‍ രണ്ടും വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്‍റെ അര്‍ധസെഞ്ചുറിയുടെയും(58 പന്തില്‍ 87), ബെന്‍ ഡക്കറ്റ്(62 പന്തില്‍ 63), ലിയാം ലിവിംഗ്സ്റ്റൺ(27 പന്തില്‍ 62*)എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ ലിവിംഗ്സ്റ്റണ്‍ നാലു സിക്സും ഒരു ഫോറും അടക്കം 28 റണ്‍സടിച്ചാണ് ഇംഗ്ലണ്ടിനെ 312ല്‍ എത്തിച്ചത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഓസീസ് ബൗളറെന്ന നാണക്കേടും സ്റ്റാര്‍ക്കിന്‍റെ പേരിലായി.
2013ല്‍ ഇന്ത്യക്കെതിരെ ഓസീസ് താരം സേവിയര്‍ ഡോഹെര്‍ട്ടി, 2023ല്‍ ഇന്ത്യക്കെതിരെ ഇന്‍ഡോറില്‍ 26 റണ്‍സ് വഴങ്ങിയ കാമറൂണ്‍ ഗ്രീന്, 2023ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 26 റണ്‍സ് വഴങ്ങിയ ആദം സാംപ എന്നിവര്‍ ഒരോവറില്‍ 26 റണ്‍സ് വഴങ്ങിയതിന്‍റെ റെക്കോര്‍ഡ് ആണ് സ്റ്റാര്‍ക്കിന്‍റെ പേരിലായത്. ആദ്യ ഏഴോവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയ സ്റ്റാര്‍ക്ക് 8 ഓവറില്‍ 70 റണ്‍സ് വഴങ്ങി.അഞ്ച് മത്സര പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച ബ്രിസ്റ്റോളില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!