ടി20 ലോകകപ്പ് ടൂർണമെന്റുകളിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോർഡുകളും പോക്കറ്റിലാക്കിയിരിക്കുന്നത് ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയുമാണ്
ട്വന്റി 20 ലോകകപ്പിലെ യഥാര്‍ത്ഥ ഹിറ്റ്‌മാൻ ആരാണ്. ടൂർണമെന്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോർഡുകളും പോക്കറ്റിലാക്കിയിരിക്കുന്നത് ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയുമാണ്. പക്ഷേ, ഹിറ്റ്മാൻ എന്ന പേര് ലോകകപ്പില്‍ യോജിക്കുന്നക് ഇരുവർക്കുമല്ല. 2021 എഡിഷനോടെ കുട്ടിക്രിക്കറ്റ് ലോകകപ്പിനോട് വിടപറഞ്ഞ ഒരാളാണത്.
യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയിലാണത്. കേവലം 31 ഇന്നിങ്സുകള്‍ മാത്രമാണ് ഗെയില്‍ ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. ഗ്യാലറിയില്‍ നിക്ഷേപിച്ചത് 63 സിക്‌സറുകളാണ്, അതായത് ഒരു കളിയില്‍ ചുരുങ്ങിയത് രണ്ട് സിക്‌സെങ്കിലും ഗെയിലിന്റെ ബാറ്റില്‍ നിന്ന് പിറക്കുന്നുണ്ട്.
ഗെയില്‍ കഴിഞ്ഞാല്‍ തൊട്ടുപിന്നിലുള്ളത് രോഹിത് ശർമയാണ്. 50 സിക്‌സുകള്‍. പക്ഷേ, ഈ നമ്പറിലേക്ക് എത്താൻ രോഹിതിന് 44 ഇന്നിങ്സുകള്‍ ആവശ്യമായി വന്നു. തൊട്ടുപിന്നില്‍ ബട്ട്‌ലറും വാർണറും ഒക്കെ. ബട്ട്‌ലർ 37 ഇന്നിങ്സുകളില്‍ നിന്ന് 44 സിക്സാണ് ഇതുവരെ നേടിയിട്ടുള്ളത്. വാർണർ 41 മത്സരങ്ങളില്‍ നിന്ന് 40 സിക്സും സ്വന്തം പേരില്‍ കുറിച്ചു.
ഗെയിലിന്റെ റെക്കോര്‍ഡ് മറികടക്കാൻ പോന്നൊരാളും പിന്നാലെയുണ്ട്. അതിവേഗം സിക്‌സറുകള്‍ അടിച്ചുകൂട്ടുന്ന താരം. അഫ്ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസാണത്. കേവലം 18 മത്സരങ്ങളില്‍ നിന്ന് 36 സിക്‌സ് ഗുർബാസ് ഇതുവരെ ഗ്യാലറിയില്‍ എത്തിച്ചു.
കുറഞ്ഞത് 20 സിക്‌സടിച്ച താരങ്ങളില്‍ ഗെയില്‍ കഴിഞ്ഞാല്‍ മികച്ച ശരാശരിയുള്ളത് ഗുർബാസിനാണ്. ഒരു മത്സരത്തില്‍ കൃത്യം രണ്ട് സിക്‌സ് എന്നതാണ് കണക്ക്. ഗുർബാസിന് ശേഷം ഇന്ത്യൻ താരങ്ങളാണ് കോലിയും യുവരാജും. കോലി ലോകകപ്പില്‍ 35 സിക്സും യുവരാജ് 33 സിക്സുമാണ് നേടിയിട്ടുള്ളത്. ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യൻ താരവുമില്ല.


