
സഞ്ജു സാംസണ് പിറന്നാള്‍ ആശംസയുമായി കുട്ടി ആരാധകന്‍. സഞ്ജു ചേട്ടാ ഓള്‍ ദി ബെസ്റ്റേ.. ഹാപ്പി ബര്‍ത്ത്ഡേ ടു യൂ എന്ന് ആശംസിക്കുന്ന വീഡിയോ അനുപ് പാപ്പച്ചനാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനോടകം നിരവധി പേരാണ് കുട്ടി ആശംസയ്ക്ക് പ്രതികരണവുമായി എത്തിയത്. സഞ്ജുവിന്‍റെ ആരാധകനായ അനൂപ് ഇതിനോടകം ആശംസാ ട്വീറ്റുകള്‍ എല്ലാം തന്നെ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മലയാളികള്‍ക്ക് എറെ പ്രിയങ്കരനായ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സ്റ്റൈലിഷ് ബാറ്റര്‍മാരില്‍ ഒരാളായ സഞ്ജു സാംസണ് 28ാം പിറന്നാള്‍ ദിനത്തില്‍ ലഭിച്ച ക്യൂട്ട് ആശംസയ്ക്ക് രാജസ്ഥാന്‍ ടീമും മറുപടി നല്‍കിയിട്ടുണ്ട്. ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ കപ്പുയര്‍ത്തണമെങ്കില്‍ സഞ്ജു നീല ജേഴ്‌സിയില്‍ വേണമായിരുന്നെന്ന് ആരാധകര്‍ വാദിക്കുന്നതിനിടെയാണ് സൂപ്പര്‍താരത്തിന്‍റെ പിറന്നാള്‍ വന്നെത്തുന്നത്.
ലോകകപ്പ് ടീമിലിടമുണ്ടായില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ അവഗണിക്കാനാവാത്ത പ്രതിഭയായി ഇതിനകം മാറിയ സഞ്ജുവിന് വലിയ ആശംസാപ്രവാഹമാണ് പിറന്നാള്‍ദിനത്തില്‍ ലഭിച്ചത്. ഹര്‍ഷാ ഭോഗ്‌ലെ മുതല്‍ ഇയാന്‍ ബിഷപ്പ് വരെ നീളുന്നതാണ് സഞ്ജു സാംസണ്‍ ഫാന്‍സിന്‍റെ നീണ്ട പട്ടിക. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിച്ച് ക്യാപ്റ്റന്‍സിയിലും സഞ്ജു തിളങ്ങി. ഐപിഎല്ലിലും ഇന്ത്യന്‍ കുപ്പായത്തിലും മികവ് കാട്ടിയിട്ടും ഏഷ്യാ കപ്പിലും ട്വന്‍റി 20 ലോകകപ്പിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടംലഭിച്ചിരുന്നില്ല.