പക്ഷെ ക്യാച്ചില്‍ തകര്‍ത്തെങ്കിലും റിവ്യു എടുത്തതില്‍ സഞ്ജുവിന് പിഴക്കുന്നതും പിന്നാലെ കണ്ടു.
നാഗ്പൂര്‍:ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ 48 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ പറക്കും ക്യാച്ചുമായി ഞെട്ടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ ഉയര്‍ത്തിയ 239 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡിന് ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റ് നഷ്ടമായിരുന്നു. അര്‍ഷ്ദീപ് സിംഗിന്‍റെ സ്വിംഗ് ചെയ്ത പന്തില്‍ തകര്‍ത്തടിക്കാന്‍ നോക്കിയ കോണ്‍വെയുടെ ബാറ്റിലുരഞ്ഞ പന്ത് സഞ്ജു വിക്കറ്റിന് പിന്നില്‍ മുഴുനീള ഡൈവിലൂടെ ഒറ്റക്കൈയില്‍ കൈയിലൊതുക്കുകയായിരുന്നു. നേരത്തെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 7 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായതിന്‍റെ നിരാശ തീര്‍ക്കുന്നതായിരുന്നു സഞ്ജുവിന്‍റെ പറക്കും ക്യാച്ച്.
പക്ഷെ ക്യാച്ചില്‍ തകര്‍ത്തെങ്കിലും റിവ്യു എടുത്തതില്‍ സഞ്ജുവിന് പിഴക്കുന്നതും പിന്നാലെ കണ്ടു. മാര്‍ക് ചാപ്മാവും ഗ്ലെന്‍ ഫിലിപ്സും തകര്‍ത്തടിക്കുന്നതിനിടെ അക്സര്‍ പട്ടേലിന്‍റെ പന്തില്‍ ചാപ്മാനെ വിക്കറ്റിന് പിന്നില്‍ ക്യാച്ചെടുത്തതിന് സഞ്ജു അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ആ പന്ത് വൈഡ് വിളിച്ചിട്ടും സഞ്ജു ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനോട് റിവ്യു എടുക്കാന്‍ ആവശ്യപ്പെട്ടു. സൂര്യ റിവ്യു എടുത്തെങ്കിലും പന്ത് ചാപ്മാന്‍റെ ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായതോടെ ഇന്ത്യയുടെ രണ്ടാം റിവ്യുവും നഷ്ടമായി.നേരത്തെ അര്‍ഷ്ദീപ് സിംഗും എല്‍ബിഡബ്ല്യുവിനായി റിവ്യു എടുത്തെങ്കിലും വിജയിച്ചിരുന്നില്ല.
പിന്നാലെ സഞ്ജു ഒരു റണ്‍ ഔട്ട് അവസരവും പാഴാക്കി. ശിവം ദുബെ എറിഞ്ഞ പത്താം ഓവറിലെ ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് രണ്ടാം റണ്ണിനായി ഓടി. റിങ്കു സിംഗിന്‍റെ ത്രോ കലക്ട് ചെയ്യുന്നതില്‍ പിഴച്ച സഞ്ജു ഫിലിപ്സിനെ റണ്ണൗട്ടാക്കാനുള്ള അവസരം നഷ്ടമാക്കുകയായിരുന്നു.22 പന്തില്‍ 39 റണ്‍സായിരുന്നു ആ സമയത്ത് ഫിലിപ്സിന്‍റെ വ്യക്തിഗത സ്കോര്‍. പിന്നീട് 40 പന്തില്‍ 78 റണ്‍സടിച്ചശേഷം ഇന്ത്യയെ വിറപ്പിച്ചാണ് ഫിലിപ്സ് ക്രീസ് വിട്ടത്. ഫീല്‍ഡില്‍ റിങ്കു സിംഗും ഇഷാന്‍ കിഷനും അനായാസ ക്യാച്ചുകള്‍ നഷ്ടമാക്കുകയും ചെയ്തു.
