
ചിറ്റഗോറം: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ഫിഫ്റ്റിയടിച്ച ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസിന് റെക്കോര്‍ഡ്. 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ലിറ്റണ്‍ ദാസ് ടി20 ക്രിക്കറ്റില്‍ ബംഗ്ലാദേശ് താരത്തിന്‍റെ അതിവേഗ ഫിഫ്റ്റി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 2007ലെ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മുഹമ്മദ് അഷ്റഫുള്‍ 20 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതായിരുന്നു ഇതുവരെ ബംഗ്ലാദേശ് താരത്തിന്‍റെ അതിവേഗ ഫിഫ്റ്റി.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 21 പന്തില്‍ അര്‍ധസെഞ്ചുറി നേടി ലിറ്റണ്‍ ദാസ് തിളങ്ങിയിരുന്നു. അന്ന് രണ്ട് പന്തുകളുടെ വ്യത്യാസത്തില്‍ അതിവേഗ ഫിഫ്റ്റി റെക്കോര്‍ഡ് നഷ്ടമായെങ്കിലും അയര്‍ലന്‍ഡിനെതിരെ ലിറ്റണ്‍ അത് അടിച്ചെടുത്തു. 41 പന്തില്‍ 83 റണ്‍സെടുത്താണ് ലിറ്റണ്‍ ദാസ് പുറത്തായത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ലിറ്റണ്‍ ദാസിന്‍റെ വെടിക്കെട്ട് ബാറ്റിംഗ്.
ലിറ്റണ്‍ ദാസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ മഴമൂലം 17 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സടിച്ചു. ലിറ്റണും തലുദ്കറിനും പുറമെ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും(24 പന്തില്‍ 38), തൗഹിദ് ഹൃദോയിയും(13 പന്തില്‍ 24) ബംഗ്ലാദേശിനായി മികച്ച പ്രകടനം പുറത്തെടുത്തു.
ലിറ്റണും റോണി തലുദ്കറും(23 പന്തില്‍ 44) തകര്‍ത്തടിച്ചതോടെ ഓപ്പണിംഗ് വിക്കറ്റില്‍ ബംഗ്ലാദേശ് 9.2 ഓവറില്‍ 124 റണ്‍സടിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് ലിറ്റണ്‍ ദാസ്. നായകന്‍ ഷാക്കിബ് അല്‍ ഹസനും ഇത്തവണ ലിറ്റണൊപ്പം കൊല്‍ക്കത്തക്കായി കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!