
മുംബൈ: ഓവലില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആറ് റൺസിന്‍റെ ആവേശജയവുമായി അഞ്ച് മത്സര പരമ്പര 2-2 സമനിലയാക്കിയപ്പോള്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍ ടെസ്റ്റ് നടന്ന അഞ്ച് ദിവസവും മുഴങ്ങിയത് ശിവസ്തുതിയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരം. അഞ്ച് മത്സര പരമ്പരയിലെ ആദ്യ നാലു ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 1-2ന് പിന്നിലായിരുന്നു. അഞ്ചാം ടെസ്റ്റ് തോറ്റാല്‍ പരമ്പര കൈവിടുമെന്ന സമ്മര്‍ദ്ദത്തിലാണ് ഇന്ത്യൻ ടീം അഞ്ചാം ടെസ്റ്റിനിറങ്ങിയത്. നിര്‍ണായക ടോസ് നഷ്ടമായി ഇന്ത്യ ബാറ്റിംഗിനിറങ്ങുകയും ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 224 റണ്‍സിന് ഓൾ ഔട്ടാവുകയും ചെയ്തതോടെ കൂടുതല്‍ സമ്മര്‍ദ്ദമായി.
ഈ സമയത്താണ് ടീമിന്‍റെ ത്രോ ഡൗണ്‍ സ്പെഷലിസ്റ്റായ രഘുവെന്ന രാഘവേന്ദ്ര ഡ്രസ്സിംഗ് റൂമില്‍ സ്പീക്കറിലൂടെ ശിവസ്തുതി ഉറക്കെവെച്ചത്. ഇത് കളിക്കാരുടെ മനസിനെ ശാന്തമാക്കിയന്നും ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ ശിവസ്തുതി വെക്കുന്നത് പിന്നീടൊരു പതിവായെന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ ഇംഗ്ലണ്ട് പര്യടനത്തിലുണ്ടായിരുന്ന ഒരു ഇന്ത്യൻ താരം ദൈനിക് ജാഗരണോട് പറഞ്ഞു. ഡ്രസ്സിംഗ് റൂമില്‍ ശിവസ്തുതി വെച്ചതോടെ കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയുമെല്ലാം മനസം സമ്മര്‍ദ്ദമൊഴിഞ്ഞ് ശാന്തമായെന്നും കളിക്കാരനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രസ്സിംഗ് റൂമില്‍ ശിവസ്തുതി വെക്കുക എന്നത് നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നില്ല. പക്ഷെ ഒരിക്കല്‍ വെച്ചതോടെ പിന്നീട് അതൊരു പതിവായെന്നും കളിക്കാരന്‍ പറഞ്ഞു.
അതേസമയം, മുമ്പും മത്സരത്തിനിടയില്‍ ഡ്രസ്സിംഗ് റൂമില്‍ ഹനുമാന്‍ ചാലിസ പോലുള്ള ഭക്തിഗാനങ്ങള്‍ വെക്കാറുണ്ടെങ്കിലും ആദ്യമായാണ് ശിവസ്തുതി വെക്കുന്നതെന്ന് മറ്റൊരു ടീം അംഗം പറഞ്ഞു. അഞ്ച് ദിവസം തുടര്‍ച്ചയായി ഡ്രസ്സിംഗ് റൂമില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ശിവരുക്‌ദ്രാഷമന്ത്രം കേള്‍പ്പിച്ചത് കളിക്കാര്‍ക്കും പുതിയൊരു അനുഭവമായെന്ന് മറ്റൊരു കളിക്കാരന്‍ വ്യക്തമാക്കി. ഇത് കളിക്കാരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കിയെന്നും അദ്ദേഹം പറഞ്ഞു. പതിനാറാം നൂറ്റാണ്ടില്‍ തുളസീദാസ് സംസ്കൃതത്തില്‍ രചിച്ച ശിവരുക്‌ദ്രാഷ മന്ത്രമാണ് ഡ്രസ്സിംഗ് റൂമില്‍ കേള്‍പ്പിച്ചത്. ഇത് കളിക്കാരെ ആന്തരികമായി കരുത്തുറ്റവരും ശ്രദ്ധയുള്ളവരും ആക്കുന്നതിനൊപ്പം മോശം കാര്യങ്ങളുടെ സ്വാധീനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സഹായിച്ചുവെന്നാണ് ടീം അംഗങ്ങളുടെ പൊതുവികാരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക