ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്ന് രോഹിത് ശര്‍മ പുറത്തേക്ക്? ലോര്‍ഡ്സിലെ മത്സരം അവസാനത്തേതെന്ന് സൂചന

Published : Jul 16, 2026, 10:09 PM IST
rohit sharma

Synopsis

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ഏകദിനം രോഹിത് ശര്‍മയുടെ കരിയറിലെ അവസാന മത്സരമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2027 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായും, ഈ നീക്കത്തില്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്നും സൂചനകളുണ്ട്. അന്തിമ തീരുമാനം ബിസിസിഐ രോഹിത്തിന് വിട്ടിരിക്കുകയാണ്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അവസാന മത്സരമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലൈ 19ന് ലോര്‍ഡ്സിലാണ് അവസാന ഏകദിനം. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രോഹിത്തിനെ ടീമില്‍ പരിഗണിക്കേണ്ടതില്ലെന്ന കര്‍ശനമായ തീരുമാനത്തിലാണ് ബിസിസിഐ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ രോഹിത്തുമായി ചര്‍ച്ച നടത്തിയിരുന്നു.

ടീമിന്റെ ഭാവി പ്ലാനുകള്‍ കമ്മിറ്റി അദ്ദേഹത്തെ ധരിപ്പിച്ചതായാണ് വിവരം. 2027-ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. യശസ്വി ജയ്സ്വാളിനെപ്പോലെയുള്ള യുവതാരങ്ങള്‍ക്ക് ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ അവസരം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തന്റെ ഫിറ്റ്നസില്‍ വലിയ ശ്രദ്ധ ചെലുത്തിയിരുന്ന രോഹിത് ഏകദിന ക്രിക്കറ്റില്‍ തുടരാന്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ രോഹിത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

ടീം മാനേജ്മെന്റുമായും ബിസിസിഐ ഉന്നതരുമായും രോഹിത് ഇത് സംബന്ധിച്ച് സംസാരിച്ചതായാണ് വിവരം. എന്നിരുന്നാലും, വിരമിക്കല്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള പന്ത് രോഹിത്തിന്റെ കോര്‍ട്ടിലാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2024 ജൂണ്‍ 29-ന് ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ രോഹിത് ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്ന് 2025 മെയ് 7ന് ഇന്‍സ്റ്റാഗ്രാമിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ശുഭ്മാന്‍ ഗില്ലിന് കൈമാറുകയും ചെയ്തിരുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലിലേക്കും 2024 ടി20 ലോകകപ്പ് കിരീടത്തിലേക്കും ഇന്ത്യന്‍ ടീമിനെ നയിച്ചത് രോഹിത്തിന്റെ മികച്ച ക്യാപ്റ്റന്‍സി പാടവത്തിന്റെ തെളിവാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത്തിന്റെ ബാറ്റിംഗ് ഫോം ടീമിന് തിരിച്ചടിയായിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളില്‍ 11, 26 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. കാര്‍ഡിഫില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പന്തിനെ നേരിടാന്‍ രോഹിത് ഏറെ പ്രയാസപ്പെടുന്നത് കാണാനായിരുന്നു.

പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിയാത്ത സാഹചര്യവും സെലക്ഷന്‍ കമ്മിറ്റിയുടെ ഈ കടുത്ത തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിളങ്ങിയത് കോലിയും ശ്രേയസും മാത്രം; ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 234ന് പുറത്ത്
കോലി-രോഹിത് സഖ്യം ക്രീസില്‍; ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം