ഇന്ത്യന്‍ പരിശീലകനാവാന്‍ മുന്‍ താരങ്ങളുടെ കുത്തൊഴുക്ക്; ഇതുവരെ അപേക്ഷിച്ചവര്‍ ഇവര്‍

By Web TeamFirst Published Jul 23, 2019, 8:25 AM IST
Highlights

ജയവർധനെ മുതല്‍ ടോം മൂഡി വരെ. മുഖ്യ പരിശീലകനാവാന്‍ പ്രമുഖ മുന്‍ താരങ്ങൾ അപേക്ഷ നൽകിക്കഴിഞ്ഞുവെന്നാണ് സൂചനകൾ.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാൻ പ്രമുഖ മുന്‍ താരങ്ങൾ ബിസിസിഐക്ക് അപേക്ഷ നൽകിയതായി സൂചന. ഈമാസം മുപ്പതുവരെയാണ് ബിസിസിഐ അപേക്ഷ സ്വീകരിക്കുക. രവി ശാസ്ത്രിയുടെയും സംഘത്തിന്‍റെയും കരാർ അവസാനിച്ചതോടെയാണ് ബിസിസിസിഐ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലക സംഘത്തെ തേടുന്നത്. 

ശ്രീലങ്കയുടെ മുൻ നായകനും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനുമായ മഹേല ജയവർധനെ, 2011ൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഗാരി കേർസ്റ്റൻ, ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റ്സ്മാൻ വിരേന്ദർ സെവാഗ്, ഓസ്ട്രേലിയയുടെ മുൻതാരം ടോം മൂഡി എന്നിവർ ബിസിസിഐക്ക് അപേക്ഷ നൽകിയെന്നാണ് റിപ്പോർട്ടുകൾ. 

കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെയും സൺറൈസേഴ്സ് ഹൈദരാബാദിന്‍റെയും പരിശീലകനായിരുന്ന ടോം മൂഡി നേരത്തേയും ഇന്ത്യൻ കോച്ചാവാൻ അപേക്ഷ നൽകിയിട്ടുണ്ട്. കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ ഉപദേഷ്ടാവായിരുന്ന സെവാഗിന് പരിശീലകൻ എന്ന നിലയിലുള്ള പരിചയക്കുറവ് തിരിച്ചടിയായേക്കും. കേര്‍സ്റ്റൺ ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ കോച്ചാണ്. 

രവി ശാസ്ത്രി അടക്കമുള്ള പരിശീലക സംഘത്തിന് വീണ്ടും അപേക്ഷ നൽകാം. അപേക്ഷകർ 60 വയസിൽ താഴെയുള്ളവരും കുറഞ്ഞത് 30 ടെസ്റ്റിലും അൻപത് ഏകദിനത്തിലും കളിച്ചവർ ആയിരിക്കണമെന്നുമാണ് ബിസിസിഐയുടെ മാനദണ്ഡ‍ം. കപിൽ ദേവ്, അൻഷുമാൻ ഗെയ്‌ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ സംഘമാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുക. 2017ൽ അനിൽ കുംബ്ലെയ്ക്ക് പകരമാണ് രവി ശാസ്ത്രി ഇന്ത്യൻ പരിശീലകനായത്. 

click me!