ബാഴ്‌സയുടെ വഴിയെ മാഞ്ചസ്റ്റര്‍ സിറ്റിയും; ലിയോണ്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍

By Web TeamFirst Published Aug 16, 2020, 9:16 AM IST
Highlights

തുടര്‍ച്ചയായ മൂന്നാം സീസണിലും പെപ് ഗാര്‍ഡിയോളയ്ക്ക് സിറ്റിയെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാനായില്ല.

ലിസ്ബണ്‍: ബാഴ്‌സലോണയ്ക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയും ചാംപ്യന്‍സ് ലീഗിന്റെ സെമി കാണാതെ പുറത്ത്. ഫ്രഞ്ച് ക്ലബ് ലിയോണിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെട്ടത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം സീസണിലും പെപ് ഗാര്‍ഡിയോളയ്ക്ക് സിറ്റിയെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാനായില്ല.

മൂസ ഡെംബേലെയുടെ ഇരട്ട ഗോളും മാക്‌സവെല്‍ കോര്‍ണറ്റിന്റെ ഒരു ഗോളുമാണ് സിറ്റിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. കെവിന്‍ ഡിബ്രൂയ്‌നെയാണ് സിറ്റിയുടെ ഏകഗോള്‍ നേടിയത്. സിറ്റിയുടെ താരങ്ങള്‍ വരുത്തിയ വലിയ പിഴവുകള്‍ തന്നെയാണ് തോല്‍വിക്ക് കാരണം. ഒഴിഞ്ഞ പോസ്റ്റ് മുന്നില്‍ നില്‍ക്കെ ലഭിച്ച തുറന്ന അവസരം പോലും റഹീം സ്‌റ്റെര്‍ലിംഗ് പുറത്തേക്കടിച്ചു കളഞ്ഞു. 

ബെര്‍ണാഡോ സില്‍വ, റിയാദ് മെഹ്‌റസ് എന്നിവരെ പുറത്തിരുത്തിയാണ് സിറ്റി തുടങ്ങിയത്. പ്രതിരോധത്തിലൂന്നി കളിച്ചതാണ് സിറ്റിക്ക് വിനയായത്. 24ാം മിനിറ്റായിലുന്നു ആദ്യ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ പിന്നീട് ഒരു ഗോള്‍വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ സിറ്റിക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ മെഹ്‌റസ് ഇറങ്ങിയതോടെ സിറ്റിയെ തേടി കൂടുതല്‍ അവസരങ്ങളെത്തി. 69ാം മിനിറ്റില്‍ സിറ്റി ഒപ്പമെത്തുകയും ചെയ്തു. 

പത്ത് മിനിറ്റുകള്‍ക്ക് ശേഷം ഡെംബേലെ ഫ്രഞ്ച് ക്ലബിന് ലീഡ് നല്‍കി. ഒപ്പമെത്താനും ലീഡുയര്‍ത്താനും സിറ്റിക്ക് അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ സ്റ്റെര്‍ലിംഗിന് മുതലാക്കാനായില്ല. അവസാന നിമിഷങ്ങളില്‍ സിറ്റി തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരുന്നു. ഇതിനിടെ 87ാം മിനിറ്റില്‍ മൂന്നാം ഗോളും പിറന്നതോടെ സിറ്റിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. 

ബാഴ്‌സലോണയെ തോല്‍പ്പിച്ചെത്തിയ ബയേണ്‍ മ്യൂനിച്ചാണ് ലിയോണിന്റെ എതിരാളികള്‍. പിഎസ്ജിയും ലെഗ്‌സിഗുമാണ് മറ്റൊരു സെമി.

click me!