മാഞ്ചസ്റ്റര്‍ ടെസ്റ്റ്: കളിക്കാരുടെ കൊവിഡ് പരിശോധനാഫലം വന്നു; ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്ത

By Web TeamFirst Published Sep 9, 2021, 10:46 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു സപ്പോര്‍ട്ട് സ്റ്റാഫ് അംഗത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ മുഴുവന്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാക്കിയത്.

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ടെസ്റ്റിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കൊവിഡ് പരിശധനാഫലം പുറത്തുവന്നപ്പോള്‍ ആരും രോഗബാധിതരല്ലെന്ന് വ്യക്തമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു സപ്പോര്‍ട്ട് സ്റ്റാഫ് അംഗത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ മുഴുവന്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാക്കിയത്. ഇതിന്‍റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതോടെ വെള്ളിയാഴ്ച മത്സരം നടക്കുമെന്ന് ഉറപ്പായി.

ഇന്ത്യന്‍ ടീമിന്‍റെ ജൂനിയര്‍ ഫിസിയോ ആയ യോഗേഷ് പാര്‍മറിനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന ഇന്ത്യന്‍ ടീമിന്‍റെ പരിശീലന സെഷന്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് കളിക്കാരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. പരിശോധനാഫലം വരുന്നതുവരെ കളിക്കാരോട് അവരവരുടെ റൂമുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

നേരത്തെ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിനും ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുമ്പായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം ഫിസിയോ നിതിന്‍ പട്ടേലിന് കൊവിഡ് ഇല്ലെങ്കിലും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രവി ശാസ്ത്രിയും ഭരത് അരുണും ആര്‍ ശ്രീധറും നിതിന്‍ പട്ടേലും ഓവലില്‍ ഹോട്ടലില്‍ തന്നെ ഐസൊലേഷനില്‍ തുടരുകയായിരുന്നു.

മാഞ്ചസ്റ്ററില്‍ വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിന് തുടക്കമാവുക. ഓവലിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. ഹെഡിംഗ്‌ലെയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 76 റണ്‍സിനും പരാജയം രുചിച്ച ശേഷം ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് കീഴടക്കി ശക്തമായി ടീം ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. എങ്കിലും മാഞ്ചസ്റ്ററിലെ റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിനെ സന്തോഷിപ്പിക്കുന്നതല്ല.

click me!