ആദ്യ ഫസ്റ്റ് ക്ലാസ് മത്സരത്തിന് ഒരുങ്ങി മംഗലപുരം കെ സി എ സ്റ്റേഡിയം

Published : Oct 31, 2025, 07:34 PM IST
KCA-Kerala Ranji Team

Synopsis

തിരുവനന്തപുരത്തെ മംഗലപുരം കെസിഎ സ്റ്റേഡിയം ആദ്യ ഫസ്റ്റ്-ക്ലാസ് മത്സരത്തിന് വേദിയാകുന്നു. കേരളവും കര്‍ണ്ണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തോടെ, കേരളത്തിലെ 31-ാമത്തെ ഫസ്റ്റ് ക്ലാസ് ഗ്രൗണ്ടായി ഇത് മാറും. 

തിരുവനന്തപുരം: കേരളവും കര്‍ണ്ണാടകയും തമ്മില്‍ നാളെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഫസ്റ്റ്-ക്ലാസ് വേദിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തിരുവനന്തപുരത്തെ മംഗലപുരം കെസിഎ സ്റ്റേഡിയം. കേരള ക്രിക്കറ്റിനെ സംബന്ധിച്ച് പുതിയൊരു അധ്യായമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇതോടെ കേരളത്തിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ എണ്ണം 12 ജില്ലകളിലായി 31 ഗ്രൗണ്ടുകളായി ഉയരും.

1952/53 സീസണിലാണ് കേരളം ആദ്യ രഞ്ജി ട്രോഫി മത്സരം കളിച്ചത്. അന്നു മുതല്‍, ആകെ 194 ഫസ്റ്റ്-ക്ലാസ് മത്സരങ്ങള്‍ക്ക് സംസ്ഥാനം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. വിവിധ വര്‍ഷങ്ങളിലായി സംസ്ഥാനത്തുടനീളം തയ്യാറാക്കിയ വിവിധ ഗ്രൗണ്ടുകളിലായാണ് ഈ മത്സരങ്ങള്‍ നടന്നത്. ആ വഴിയില്‍ പുതിയൊരു പേര് കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ് മംഗലപുരം സ്റ്റേഡിയത്തിലൂടെ. സംസ്ഥാനത്ത് ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ കെ സി എ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടം.

തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ട്, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ട് എന്നിവ ഇതിനോടകം തന്നെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഈ പട്ടികയിലേക്ക് മംഗലപുരം സ്റ്റേഡിയം കൂടി ചേരുന്നതോടെ കേരള ക്രിക്കറ്റിന്റെ ഹൃദയഭൂമിയെന്ന പദവി തിരുവനന്തപുരം അരക്കിട്ടുറപ്പിയ്ക്കുകയാണ്. ആഭ്യന്തര, ഫസ്റ്റ്-ക്ലാസ് മത്സരങ്ങള്‍ നടത്തുന്നതിന് ബിസിസിഐ മുന്നോട്ടു വച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള അത്യാധുനിക സൗകര്യങ്ങളാണ് മംഗലപുരത്തെ കെ സി എ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്.

12 കോടി രൂപ ചെലവഴിച്ച് സ്റ്റേഡിയത്തില്‍ അത്യാധുനിക നിലവാരത്തിലുള്ള ഫ്‌ളഡ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഉള്ളതിനാല്‍ രാത്രികാല മത്സരങ്ങളും സുഗമമായി ഇവിടെ നടത്തുവാന്‍ കഴിയും. ''രഞ്ജി ട്രോഫി സര്‍ക്യൂട്ടില്‍ മംഗലപുരം സ്റ്റേഡിയത്തെക്കൂടി ഉള്‍പ്പെടുത്തിയതിലൂടെ കളിയെ പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് കെസിഎ. കളിക്കാര്‍ക്കും ആരാധകര്‍ക്കും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കെ സി എയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണിത്.'' കെ സി എ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു.

പുതിയ വേദിയില്‍ കേരളം കര്‍ണാടകയെ നേരിടുമ്പോള്‍, ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കേരള ക്രിക്കറ്റിന്റെ ഫസ്റ്റ്-ക്ലാസ് ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുകയാണ്. സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചും ഇതൊരു അഭിമാന നിമിഷമാണ്.

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി