രോഹിത്തിനെയും കോലിയെയും അശ്വിനെയും പുറത്താക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ഗംഭീർ, തുറന്നു പറ‍ഞ്ഞ് മുന്‍ താരം

Published : Oct 07, 2025, 02:26 PM IST
Shubman Gill and Gautam Gambhir

Synopsis

സീനിയര്‍ താരങ്ങളായ അശ്വിനും രോഹിത്തും കോലിയുമെല്ലാം കോച്ചിനെക്കാളും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫിനെക്കാളും മത്സരപരിചയമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ ടീമിലുണ്ടെങ്കില്‍ കോച്ചിന്‍റെ പല തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാം.

കൊല്‍ക്കത്ത: ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ നായകനാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ ടീമില്‍ ഇപ്പോഴുണ്ടാകുന്ന വിവാദങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ കോച്ച് ഗൗതം ഗംഭീറാണെന്ന് മനോജ് തിവാരി പറഞ്ഞു. സീനിയര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍ താന്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയമാണ് രോഹിത്തിനെയും കോലിയെയും അശ്വിനെയുമെല്ലാം ഗംഭീര്‍ കൂട്ടത്തോടെ ഒഴിവാക്കുന്നതെന്നും തിവാരി ആരോപിച്ചു.

സീനിയര്‍ താരങ്ങളായ അശ്വിനും രോഹിത്തും കോലിയുമെല്ലാം കോച്ചിനെക്കാളും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫിനെക്കാളും മത്സരപരിചയമുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ ടീമിലുണ്ടെങ്കില്‍ കോച്ചിന്‍റെ പല തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാം. അതിനാല്‍ അവരെ ഒഴിവാക്കുക എന്നതാണ് ഗംഭീറിന്‍റെ ആദ്യത്തെ ലക്ഷ്യമെന്ന് തിവാരി ഇന്‍സൈഡ് സ്പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം ഒട്ടേറെ വിവാദ തീരുമാനങ്ങളാണ് എടുത്തത്. ഇതില്‍ പലതും ഇന്ത്യൻ ക്രിക്കറ്റിന് ഗുണകരമായിരുന്നില്ല. ഗംഭീര്‍ പരിശീലകനായശേഷമാണ് അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നാലെ കോലിയും രോഹിത്തും വിരമിച്ചു. ചില കളിക്കാരെ യാതൊരു മാനദണ്ഡവുമില്ലാതെ ടീമിലെടുക്കുകയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയും ചെയ്തു. ടീം സെലക്ഷനില്‍ യാതൊരു സ്ഥിരതയും പുലര്‍ത്താന്‍ ഗംഭീറിനായിട്ടില്ല.

എന്നാല്‍ ഏകദിന ടീമില്‍ നിന്ന് രോഹിത്തിനെയും കോലിയെയും ഒഴിവാക്കാന്‍ ഗംഭീര്‍ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. കാരണം, അവരുടെ അനുപമമായ റെക്കോര്‍ഡുകള്‍ തന്നെയാണ്. അതേസമയം, അവരില്‍ അരക്ഷിത ബോധമുണ്ടാക്കി ഡ്രസ്സിംഗ് റൂമില്‍ തങ്ങളുടെ ആവശ്യമില്ലെന്ന തോന്നലുണ്ടാക്കാന്‍ ഇപ്പോഴത്തെ തീരുമാനത്തിലൂടെ കഴിയും. അതുവഴി കൂടുതല്‍ അപഹാസ്യരാകാന്‍ നില്‍ക്കാതെ അവര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് ഗംഭീര്‍ കണക്കുകൂട്ടുന്നത്.

ഓസ്ട്രേലിയക്കെതിരെ ആയാലും വരാനിരിക്കുന്ന ഏകദിനങ്ങളില്‍ ആയാലും രോഹിത്തിനെയും കോലിയെയും പുറത്തിരുത്താന്‍ ഗംഭീറിന് ധൈര്യമുണ്ടാകില്ല. പക്ഷെ അടുത്ത ലോകകപ്പില്‍ ഇവരെ കളിപ്പിക്കാന്‍ തയാറാവുന്നില്ലെങ്കില്‍ അത് ഏറ്റവും മോശം തീരുമാനമായിരിക്കുമെന്നും തിവാരി പറഞ്ഞു. ഓസ്ട്രേലിയക്കെതിരെ ഈ മാസം 19ന് തുടങ്ങുന്ന ഏകദിന പരമ്പരയോടെ കോലിയും രോഹിത്തും ഏകദിനങ്ങളില്‍ നിന്ന് വിരമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍
ടെസ്റ്റ് ചരിത്രത്തിലാദ്യം, അപൂർവനേട്ടം സ്വന്തമാക്കി മാർനസ് ലാബുഷെയ്ൻ