
ബെംഗളൂരു:ഇന്ത്യൻ മുന്‍ നായകനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ അൻവയ് വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക അണ്ടര്‍ 19 ടീമിനെ നയിക്കും. ജൂനിയര്‍ തലത്തിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ അന്‍വയെ കര്‍ണാടക ടീം നായകനായി തെരഞ്ഞെടുക്കാന്‍ കാരണമായത്. കഴിഞ്ഞ വിനൂ മങ്കാദ് ട്രോഫിയില്‍ കര്‍ണാടകയുടെ ടോപ് സ്കോററായയിരുന്നു അൻവയ്. സമീപകാലത്ത് കര്‍ണാടകക്കായി ജൂനിയര്‍ തലത്തില്‍ മികവ് കാട്ടിയ അൻവയ് അണ്ടര്‍ 16 വിജയ് മെര്‍ച്ചന്‍റ് ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ കര്‍ണാടകയുടെ ടോപ് സ്കോററാകുകയും ചെയ്തിരുന്നു. രാഹുല്‍ ദ്രാവിഡിന്‍റെ മൂത്ത മകനായ സമിത് ദ്രാവിഡ് ഇന്ത്യൻ അണ്ടര്‍ 19 ടീമില്‍ ഇടം നേടിയിരുന്നു.
വിനു മങ്കാദ് ട്രോഫിക്കുള്ള കർണാടക ടീം: അൻവയ് ദ്രാവിഡ് (ക്യാപ്റ്റൻ), നിതീഷ് ആര്യ, ആദർശ് ഡി, എസ് മണികാന്ത് (വൈസ് ക്യാപ്റ്റൻ), പ്രണീത് ഷെട്ടി, വാസവ് വെങ്കിടേഷ്, അക്ഷത് പ്രഭാകർ, സി വൈഭവ്, കുൽദീപ് സിംഗ് പുരോഹിത്, രത്തൻ ബിആർ, വൈഭവ് ശർമ്മ, കെ. എ തേജസ്, അഥര്‍വ് മാളവ്യ, സണ്ണി കാഞ്ചി, റെഹാന്‍ മൊഹമ്മദ്.
ഒരിടവേളക്കുശേഷം ഇന്ത്യൻ താരം കൂടിയായ കരുണ്‍ നായര്‍ വരുന്ന രഞ്ജി ട്രോഫി സീസണുള്ള കര്‍ണാടക ടീമില്‍ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് സീസണുകളില്‍ വിദര്‍ഭക്കായാണ് കരുണ്‍ കളിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ കേരളത്തെ ഫൈനലില്‍ തോല്‍പ്പിച്ച് വിദര്‍ഭ ചാമ്പ്യൻമാരായപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് കരുണ്‍ നായരായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികവിനെത്തുടര്‍ന്ന് വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ഇന്ത്യൻ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ കരുണിന് പക്ഷെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനായിരുന്നില്ല. സൗരാഷ്ട്രക്കെതിരെ ആണ് കര്‍ണാടകയുടെ സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരം.മായങ്ക് അഗര്‍വാള്‍ നായകനാകുന്ന രഞ്ജി ടീമില്‍ കൃതിക കൃഷ്ണ, ശിഖാര്‍ ഷെട്ടി മൊഹ്സിന്‍ ഖാന്‍ എന്നീ പുതുമുഖങ്ങളുമുണ്ട്.
രഞ്ജി ട്രോഫിക്കുള്ള കര്‍ണാടക ടീം: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കരുൺ നായർ, ആർ സ്മരൺ, കെ എൽ ശ്രീജിത്ത്, ശ്രേയസ് ഗോപാൽ, വൈശാഖ് വിജയകുമാർ, വിദ്വത് കവരപ്പ, അഭിലാഷ് ഷെട്ടി, എം വെങ്കിടേഷ്, നിക്കിൻ ജോസ്, അഭിനവ് മനോഹർ, കൃതിക് കൃഷ്ണ , കെ വി അനീഷ്, മൊഹ്സിൻ ഖാന്‍, ശിഖര്‍ ഷെട്ടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക