Latest Videos

എബിഡി എന്തുകൊണ്ട് വിരമിക്കല്‍ പിന്‍വലിച്ചില്ല; കാരണം വെളിപ്പെടുത്തി ബൗച്ചര്‍

By Web TeamFirst Published May 19, 2021, 5:07 PM IST
Highlights

അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാനില്ല എന്ന എബിഡിയുടെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. 

കേപ്‌ടൗണ്‍: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് ടി20 ലോകകപ്പോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‍‌സ് മടങ്ങിയെത്തുമെന്ന വാര്‍ത്തകള്‍ക്ക് കഴിഞ്ഞ ദിവസം വിരാമമായിരുന്നു. എബിഡി തിരിച്ചുവരില്ലെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മടങ്ങിവരാനില്ല എന്ന എബിഡിയുടെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. 

'എബിഡിക്ക് അദേഹത്തിന്‍റേതായ കാരണങ്ങളുണ്ട്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. നിര്‍ഭാഗ്യം കൊണ്ട് അദേഹം ടീമിനൊപ്പമില്ല. ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച ടി20 താരങ്ങളില്‍ ഒരാളാണ് എബിഡി എന്ന് എല്ലാവരും സമ്മതിക്കുന്നതുകൊണ്ടാണ് നിര്‍ഭാഗ്യം എന്ന വാക്ക് ഉപയോഗിച്ചത്. എന്നാല്‍ ടീമിലെ മറ്റ് താരങ്ങളുടെ അവസരം നഷ്‌ടമാകുന്നതിനെ കുറിച്ച് അദേഹത്തിന് ഉത്‌കണ്‌ഠയുണ്ട്. പരിശീലകനെന്ന നിലയില്‍ ഏറ്റവും മികച്ച താരങ്ങളെ എത്തിക്കാനാണ് എന്‍റെ ശ്രമം. ഏത് സാഹചര്യത്തിലും ഒരു എനര്‍ജി ബൂസ്റ്ററാണ് ഡിവില്ലിയേഴ്‌സ്. എന്നാല്‍ അദേഹം മുന്നോട്ടുവച്ച കാരണങ്ങളെ ബഹുമാനിക്കുന്നു. ഇനി മുന്നോട്ടുപോവാനാണ് പദ്ധതി' എന്നും ബൗച്ചര്‍ പറഞ്ഞു. 

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം കൊണ്ട് 2018 മെയ് മാസത്തില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു എ ബി ഡിവില്ലിയേഴ്‌സ്. പിന്നീട് 2019ലെ ഏകദിന ലോകകപ്പിൽ കളിക്കാൻ എബിഡി താൽപര്യം പ്രകടിപ്പിച്ചെങ്കിലും ദക്ഷിണാഫിക്കൻ മാനേജ്‌മെന്‍റ് മുഖം തിരിച്ചു. എന്നാല്‍ ഇന്ത്യയിൽ ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പിൽ എബിഡിയെ തിരിച്ചെത്തിക്കാന്‍ ക്രിക്കറ്റ് സൗത്താഫ്രിക്ക പദ്ധതിയിടുകയായിരുന്നു. ഐപിഎല്ലില്‍ താരം ഉഗ്രന്‍ ഫോമിലായിരുന്നു എന്നതും ഇതിന് കാരണമായി. 

ഇതിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്‌ടര്‍ ഗ്രെയിം സ്‌മിത്തും എബിഡിയുമായി സംസാരിച്ചു. എന്നാല്‍ വിരമിക്കല്‍ തീരുമാനം അന്തിമമാണെന്നും ഇനിയൊരു മടങ്ങിവരവിനില്ല എന്നും ഡിവില്ലിയേഴ്‌സ് അറിയിക്കുകയായിരുന്നു. 

ഗാലറിക്ക് ചുറ്റുമുള്ള സ്‌ഫോടനാത്മക ബാറ്റിംഗ് കൊണ്ട് 'മിസ്റ്റര്‍ 360' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എ ബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയ്‌ക്കായി 114 ടെസ്റ്റുകളില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സും 228 ഏകദിനങ്ങളില്‍ 53.5 ശരാശരിയില്‍ 9577 റണ്‍സും നേടിയിട്ടുണ്ട്. ടി20യില്‍ 78 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 26.12 ശരാശരിയില്‍ 1672 റണ്‍സും നേടി. ടെസ്റ്റില്‍ 22ഉം ഏകദിനത്തില്‍ 25ഉം സെഞ്ചുറികള്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഏഴ് മത്സരങ്ങളില്‍ 51 ശരാശരിയില്‍ 207 റണ്‍സും നേടി. 

'ആ തീരുമാനത്തില്‍ മാറ്റമില്ല'; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരവില്ലെന്ന് ഡിവില്ലിയേഴ്‌സ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!