ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകുന്നു, ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മുംബൈയിൽ യുഎസ്എയെ നേരിടും. പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് ടീമുകളും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.

മുംബൈ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായിട്ടാണ് ലോകകപ്പിന് വേദിയാകുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. വൈകുന്നേരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ യുഎസ്എയെ നേരിടും. രാവിലെ 11ന് പാകിസ്താന്‍, നെതര്‍ലന്‍ഡ്സിനെ നേടിരും. കൊളംബോയിലാണ് മത്സരം. വൈകിട്ട് മൂന്നിന് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, സ്‌കോട്‌ലന്‍ഡിനെ നേരിടും. എല്ലാ മത്സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യ തങ്ങളുടെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനാണ് ഇന്ന് തുടക്കമിടുന്നത്. 2025ലെ ഏഷ്യ കപ്പ് ഉള്‍പ്പെടെ തുടര്‍ച്ചയായ ഒന്‍പത് പരമ്പര വിജയങ്ങളുമായാണ് ഇന്ത്യ എത്തുന്നത്. 2024 ജൂലൈയ്ക്ക് ശേഷം കളിച്ച 41 മത്സരങ്ങളില്‍ 31 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. മറുഭാഗത്ത്, 2024 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് മോനാങ്ക് പട്ടേല്‍ നയിക്കുന്ന യുഎസ്എ. കഴിഞ്ഞ തവണ പാകിസ്ഥാനെ അട്ടിമറിച്ച ചരിത്രമുള്ള യുഎസ്എ, സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ എ-യ്ക്കും ന്യൂസിലന്‍ഡിനുമെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വാംഖഡെയിലെ പിച്ചും സാഹചര്യവും

ബാറ്റര്‍മാരുടെ പറുദീസയായ വാംഖഡെയില്‍ വന്‍ സ്‌കോറുകള്‍ പിറക്കാന്‍ സാധ്യതയുണ്ട്. 220-ന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിക്കാവുന്ന പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ഈര്‍പ്പം വെല്ലുവിളിയായേക്കാം.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

സന്നാഹ മത്സരത്തിലൂടെ ഇന്ത്യ തങ്ങളുടെ പ്ലേയിംഗ് ഇലവന്‍ കണ്ടെത്തി കഴിഞ്ഞിരുന്നു. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മലയാളി താരം സഞ്ജു സാസംണ്‍ പുറത്തിരിക്കും. ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാകും. ഓപ്പണറും അദ്ദേഹം തന്നെ. അവസാന നിമിഷം ഹര്‍ഷിത് റാണയ്ക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. അദ്ദേഹത്തിന് ടൂര്‍ണമെന്റ് നഷ്ടാകും. റാണയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ സിറാജ് കളിക്കില്ല.

മറ്റ് മത്സരങ്ങള്‍

കൊളംബോയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സല്‍മാന്‍ അഗയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്സിനെ നേരിടും. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനാല്‍ പാകിസ്ഥാന് സൂപ്പര്‍ 8ല്‍ എത്താന്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയം അനിവാര്യമാണ്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഗ്രൂപ്പ് സി മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ നേരിടുന്ന വെസ്റ്റ് ഇന്‍ഡീസ്, തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

YouTube video player