ക്ലാസിക്ക് കവര്‍ ഡ്രൈവും പുള്‍ ഷോട്ടും; ആറ് വയസുകാരി ഫാത്തിമയ്ക്ക് കയ്യടിച്ച് ജമീമ റോഡ്രിഗസ്- വീഡിയോ

By Web TeamFirst Published Jun 1, 2021, 5:44 PM IST
Highlights

കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ ഒരു കുട്ടിതാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആറ് വയസ് മാത്രമുള്ള കോഴിക്കോട്ടുകാരി മെഹക് ഫാത്തിമയുടേതായിരുന്നു അത്. കവര്‍ ഡ്രൈവും പുള്‍ ഷോട്ടും സ്‌ട്രൈറ്റ് ഡ്രൈവുമെല്ലാം ഒഴുക്കോടെ കളിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.

ഇന്ത്യയില്‍ വനിതാക്രിക്കറ്റ് പ്രചാരത്തിലായിട്ട് അധികകാലം ആയില്ല. മുമ്പ് അഞ്ജും ചോപ്ര, മിതാലി രാജ്, ജുലന്‍ ഗോസ്വാമി എന്നിങ്ങിന ചുരുക്കം പേരുകള്‍ മാത്രമായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചിതമായിരുന്നത്. എന്നാലിപ്പോള്‍ സ്മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, വേദ കൃഷ്ണമൂര്‍ത്തി....  എന്നിങ്ങനെ പോകുന്നു നിര. പുരുഷ ക്രിക്കറ്റ് ടീമിനെ പിന്തുടരുന്ന വലിയൊരു വിഭാഗം ആളുകള്‍ വനിതാ ക്രിക്കറ്റിനേയും ഇഷ്ടപ്പെട്ട് തുടങ്ങി. വനിതാക്രിക്കറ്റ് പ്രചാരത്തിലായതോടെ പുത്തന്‍താരങ്ങളും എത്തിതുടങ്ങി. 

കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ ഒരു കുട്ടിതാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആറ് വയസ് മാത്രമുള്ള കോഴിക്കോട്ടുകാരി മെഹക് ഫാത്തിമയുടേതായിരുന്നു അത്. കവര്‍ ഡ്രൈവും പുള്‍ ഷോട്ടും സ്‌ട്രൈറ്റ് ഡ്രൈവുമെല്ലാം ഒഴുക്കോടെ കളിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. മെഹക് ഫാത്തിമയുടെ 'ക്രിക്കറ്റ് കിറുക്കി'നെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് ഉപ്പ മുനീര്‍.

''ഞാന്‍ പെണ്‍കുട്ടി ആയതുകൊണ്ടാണോ, എന്നെ ക്രിക്കറ്റ് പഠിപ്പിക്കാത്തത്..?'' ഫാത്തിമയുടെ ഈ ചോദ്യത്തില്‍ നിന്നാണ് പരിശീലനം ആരംഭിക്കുന്നത് തന്നെ. മൂന്ന് വയസുള്ള ഫാത്തിമയുടെ അനിയന് പരിശീലനം നല്‍കുമ്പോഴാണ് ഈ ചോദ്യമെത്തുന്നത്. ചെറിയ വായില്‍ നിന്നുള്ള ആ പക്വതയേറിയ ചോദ്യത്തില്‍ ഉപ്പ, മുനീര്‍ വീണു. മകളുടെ താല്‍പര്യം മനസിലാക്കിയ മുനീര്‍  പരിശീലനം നല്‍കാന്‍ തീരുമാനിച്ചു. അടുത്തുള്ള ക്ലബിന് കീഴിലായിരുന്നു പ്രാഥമിക പരിശീലനം. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് പരിശീലനം അധികകാലം മുന്നോട്ടുപോയില്ല. 

ഇതോടെ മുനീറിന് പരിശീലക വേഷമിടേണ്ടി വന്നു. മുമ്പ് അണ്ടര്‍ 14 വിഭാഗത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട് മുനീര്‍. അതിന്‍റെ ഗുണം കാണാനുണ്ടായിരുന്നു.  ഫാത്തിമ തകര്‍പ്പനായിട്ട് കളിച്ചുതുടങ്ങി. വീഡിയോ ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസിന്റെ ശ്രദ്ധയില്‍ വരെയെത്തി. ജമീമ 'സൂപ്പര്‍ മെഹക്...' എന്നും പറഞ്ഞ് കയ്യടിയും പാസാക്കി.

ഏഴ് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഫാത്തിമ പരിശീലനം ആരംഭിച്ചത്. ഇന്ത്യന്‍ വനിതാ ടീമിന്റെ ഓപ്പണര്‍ സ്മൃതി മന്ഥാനയെ ഇഷ്ടപ്പെടുന്ന ഫാത്തിമ പഴയ വീഡിയോ എല്ലാം കാണും. അതില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കും. മന്ഥാനയെ പോലെ ആവണമെന്നാണ് ഫാത്തിമ പറയുന്നത്. ബാറ്റ് എങ്ങനെ പിടിക്കണമെന്നും ഷോട്ട് സെലക്ഷനുമെല്ലാം ഫാത്തിമയ്ക്ക് കൃത്യമായി അറിയാം. ഇപ്പോള്‍ വീടിനകത്തും മുറ്റത്തുമൊക്കെയാണ് പരിശീലനം. ചെറിയ രീതിയിലുള്ള പിച്ചും തയ്യാറാക്കിയിട്ടുണ്ട്. എന്തായാലും ഫാത്തിമയെ ക്രിക്കറ്റ് താരമാക്കാന്‍ തന്നെയാണ് മുനീറിന്റെ തീരുമാനം. ഫാത്തിമയുടെ ബാറ്റിങ് വീഡിയോകള്‍ ഈ പേജില്‍ കാണാം.

ഫാത്തിമയുടെ വീഡിയോ വൈറലായതിന് പിന്നില്‍ മലയാളിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഫീല്‍ഡിംഗ് കോച്ച് ബിജു ജോര്‍ജാണ്. അദ്ദേഹം പങ്കുവച്ച വീഡിയോയ്ക്കാണ് ജമീമ റോഡ്രിഗസ് പ്രതികരണവുമായെത്തിയത്. മുമ്പ് ഇന്ത്യയുടെ വനിതാ ടീമിന്റേയും ഇന്ത്യ അണ്ടര്‍ 19 ടീമിന്റേയും പരിശീലകനായും ബിജു ജോലി ചെയ്തിട്ടുണ്ട്.

click me!