ഷാക്കിബിനും റസാഖിനും ശേഷം മെഹിദി; ഐസിസി ഏകദിന റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ബംഗ്ലാദേശ് താരങ്ങള്‍

By Web TeamFirst Published May 26, 2021, 4:41 PM IST
Highlights

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിലും പുറത്തെടുത്ത പ്രകടനാണ് ബംഗ്ലാ സ്പിന്നറെ സഹായിച്ചത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്.
 

ദുബൈ: ഐസിസി ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ബംഗ്ലാദേശ് സ്പിന്നര്‍ മെഹിദി ഹസന്‍. ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തില്‍ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് മെഹിദി. ശ്രീലങ്കയ്‌ക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിലും പുറത്തെടുത്ത പ്രകടനാണ് ബംഗ്ലാ സ്പിന്നറെ സഹായിച്ചത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യ ഏകദിനത്തില്‍ 30 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രണ്ടാം ഏകദിനത്തില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും സ്വന്തമാക്കി. 2009ല്‍ ഷാക്കിബ് അല്‍ ഹസന്‍ ആദമായി ഒന്നാം റാങ്കിലെത്തിയിരുന്നു. പിന്നാലെ 2010 അബ്ദുര്‍ റസാഖ് രണ്ടാം റാങ്കിലെത്തി. 

ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മുസ്തഫിസുര്‍ റഹ്‌മാനും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ മുസ്തഫിസുര്‍ ഒമ്പതാം സ്ഥാനത്തെത്തി. ആദ്യ ഏകദിനത്തില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റാണ് ഇടങ്കയ്യന്‍ പേസര്‍ വീഴ്ത്തിയത്. രണ്ടാം ഏകദിനത്തില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മറ്റൊരു മൂന്ന് വിക്കറ്റ് നേട്ടം കൂടി അക്കൗണ്ടില്‍ ചേര്‍ത്തു. ഏകദിനത്തില്‍ താരത്തിന്റെ ഏറ്റവും മികച്ച അഞ്ചാണ്. 2018 ഡിസംബറിലായിരുന്നു നേട്ടം. 

രണ്ട് ഏകദിനത്തിലും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തെത്തി. ആദ്യ ഏകദിനത്തില്‍ 84 റണ്‍സും രണ്ടാം മത്സരത്തില്‍ 125 റണ്‍സുമാണ് മുഷ്ഫിഖുര്‍ നേടിയത്. മഹ്‌മുദുള്ളയും നില മെച്ചപ്പെടുത്തി. രണ്ട് സ്ഥാനങ്ങള്‍ കയറിയ മധ്യനിര താരം 38-ാം സ്ഥാനത്താണ്. 54, 41 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.

click me!