പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് രണ്ടാം പന്തില്‍ ഇഷാന്‍ കിഷനെയും അഞ്ചാം പന്തില്‍ തിലക് വര്‍മയെയും അടുത്ത പന്തില്‍ ശിവം ദുബെയെയും പുറത്താക്കി ഇന്ത്യയെ 46-4ലേക്ക് തള്ളിയിട്ടു.
മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ അമേരിക്കക്ക് 162 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 49 പന്തില്‍ 84 റണ്‍സുമായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട വിജയലക്ഷ്യത്തിലെത്തിച്ചത്. വാങ്കഡെയില്‍ ബാറ്റിംഗ് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പുറത്തെടുത്തത്. സൗരഭ് നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 21റണ്‍സടിച്ച സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ 150 കടത്തിയത്.
ഞെട്ടിയ തുടക്കം
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ഇഷാൻ കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത്. ഇഷാന്‍ കിഷനായിരുന്നു സൗരഭ് നേത്രാവല്‍ക്കര്‍ എറിഞ്ഞ ആദ്യ ഓവര്‍ നേരിട്ടത്. ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിലും നേത്രാവല്‍ക്കര്‍ ഇഷാന്‍ കിഷനെ പൂട്ടിയിട്ടു. മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ നേത്രാവല്‍ക്കര്‍ കിഷന് ബിഗ് ഹിറ്റിന് അവസരം നല്‍കിയില്ല. എന്നാല്‍ നേത്രാവല്‍ക്കറുടെ അഞ്ചാം പന്ത് ഓഫ് സ്റ്റംപില്‍ നിന്ന് സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തി കിഷന്‍ അക്കൗണ്ട് തുറന്നു. അവസാന പന്തില്‍ കിഷന്‍ സിംഗിളെടുത്ത് സ്ട്രൈക്ക് നിലനിര്‍ത്തി.
അലി ഖാന്‍ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ കിഷന്‍ സിംഗിളെടുത്ത് സ്ട്രൈക്ക് അഭിഷേകിന് കൈമാറി. വാങ്കഡെയില്‍ അഭിഷേകിന്‍റെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാകുന്നതാണ് പിന്നീട് കണ്ടത്. കവറിന് മുകളിലൂടെയുള്ള അഭിഷേകിന്‍റെ ട്രേഡ് മാര്‍ക്ക് ഷോട്ടിനായി അമേരിക്കന്‍ ക്യാപ്റ്റൻ മൊനാങ്ക് പട്ടേല്‍ ഡീപ് കവറില്‍ ഫീല്‍ഡ് സെറ്റ് ചെയ്തിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ അലി ഖാനെ കവറിന് മുകളിലൂടെ തൂക്കിയടിച്ച അഭിഷേക് സഞ്ജയ് കൃഷ്ണമൂര്‍ത്തിയുടെ കൈകളില്‍ ഒതുങ്ങിയതോടെ ഇന്ത്യ ഞെട്ടി. എന്നാല്‍ ഇന്ത്യ വിറക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് രണ്ടാം പന്തില്‍ ഇഷാന്‍ കിഷനെയും(16 പന്തില്‍ 20) അഞ്ചാം പന്തില്‍ തിലക് വര്‍മയെയും(16 പന്തില്‍ 25) അടുത്ത പന്തില്‍ ശിവം ദുബെയെയും പുറത്താക്കി പവര്‍ പ്ലേയില്‍ ഇന്ത്യയെ 46-4ലേക്ക് തള്ളിയിട്ടു.
പവര്‍പ്ലേക്ക് ശേഷവും അമേരിക്കയുടെ പവര്‍ ഷോ
റിങ്കു സിംഗും ക്യാപ്റ്റന് സൂര്യകുമാര്‍ യാദവും ഇന്ത്യയുടെ രക്ഷകരാകുമെന്ന് കരുതിയെങ്കിലും പന്ത്രണ്ടാം ഓവറില്‍ സ്കോര്‍ 72ല്‍ നില്‍ റിങ്കുവിനെ(6) മൊഹമ്മദ് മൊഹ്സിന്‍ മടക്കി. ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത ഹാര്‍ദ്ദിക്കിനെ ഹര്‍മീത് സിംഗ് വീഴ്ത്തിയതോടെ ഇന്ത്യ 77-6ലേക്ക് കൂപ്പുകുത്തി.
കരകയറ്റി സൂര്യ
പിന്നീട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അക്സര്‍ പട്ടേലും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ഇതിനിടെ സൂര്യ നല്‍കിയ അവസരം അമേരിക്ക നഷ്ടമാക്കിയത് ഇന്ത്യക്ക് അനുഗ്രഹമായി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന പ്രതീക്ഷകള്‍ക്കിടെ പതിനേഴാം ഓവറില്‍ അക്സറും(11 പന്തില്‍ 114) മടങ്ങി. പിന്നീട് അര്‍ഷ്ദീപ് സിംഗിനെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 161 റണ്‍സിലെത്തിച്ചത്. 49 പന്തില്‍ 84 റണ്‍സെടുത്ത സൂരയകുമാര്‍ 10 ഫോറും നാലു സിക്സും പറത്തി. അമേരിക്കക്കായി ഷാഡ്‌ലി വാൻ ഷാൽക്വിക്ക് 25 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തപ്പോള്‍ ഹര്‍മീത് സിംഗ് രണ്ട് വിക്കറ്റെടുത്തു.
